Breaking News

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസിനോടുള്ള ‘പരിഭവം’ മറച്ചുവെക്കാതെ ശിവസേന

മുംബൈ: 2024 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസിനും ശിവസേനയ്ക്കുമിടയില്‍ തര്‍ക്കം. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി സേന രംഗത്തെത്തി. ശിവസേനയുടെ മുഖപ്രതമായ സാമ്‌നയിലാണ് കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് സേന തുറന്നുപറഞ്ഞിരിക്കുന്നത്.

”അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ഒറ്റയ്ക്ക് പോരാടുമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിയമിക്കുമെന്നും നാനാ പട്ടോലെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ താന്‍ അടുത്ത മുഖ്യമന്ത്രി മുഖമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ല്‍ മഹാരാഷ്ട്രയില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിയമിക്കുന്നതുവരെ അദ്ദേഹം അടങ്ങിയിരിക്കില്ലെന്ന് വ്യക്തമാണ്, ”സേന പറഞ്ഞു.

145 നിയമസഭാംഗങ്ങളുടെ (288 അംഗ നിയമസഭയില്‍) പിന്തുണ ലഭിക്കുന്നവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രിയെ അതിന് ശേഷം തീരുമാനിക്കുമെന്നുമാണ് ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയും സാധുവാണെന്നും സേന പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതില്‍ വിജയിക്കുന്നവര്‍ക്ക് ഭരണം കൈവരിക്കാന്‍ കഴിയുമെന്നും ശിവസേന പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ബി.ജെ.പിയും പറയുന്നത്. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പിന് വേണ്ടി എന്തിനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോള്‍ തന്നെ സംസാരിക്കുന്നതെന്നാണ് സേന ചോദിക്കുന്നത്.

” 2024 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇപ്പോഴും അകലെയാണ്, പക്ഷേ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ (ബി.ജെ.പിയും കോണ്‍ഗ്രസും) പെട്ടെന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇടയ്ക്ക് വെച്ച് വോട്ടെടുപ്പ് നടത്താന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ?” സേന ചോദിച്ചു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തില്‍ ബി.ജെ.പിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *