Breaking News

ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കും കുടുംബത്തിനും വാക്‌സിനേഷന്‍ തിങ്കളാഴ്ച

കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പിന് തിങ്കളാഴ്ച (ജൂണ്‍ 21) തുടക്കമാകും. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഐടി മേഖലയെ വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും സുരക്ഷിത തൊഴിലിടം ഒരുക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് മൂന്ന് നഗരകേന്ദ്രങ്ങളിലായി നടത്തിവരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ആദ്യ ഘട്ടത്തില്‍ 6000 ഡോസുകളാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റല്‍ ഐടി ജീവനക്കാര്‍ക്കു വേണ്ടി മാത്രമായി രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ട്. ആദ്യ ബാച്ചില്‍ 25000 ഡോസുകളാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തിലെ ഐടി മേഖലയെ അതിവേഗം കോവിഡ് മുക്ത തൊഴിലിടമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോവിഡിനെ കാര്യക്ഷമമായി നേരിടുന്ന സംസ്ഥാനമെന്ന നിലയില്‍ ഇവിടത്തെ ഐടി രംഗവും തിരിച്ചുവരവിന്റെ പാതയിലാണ്. ഈ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ ഈ തിരിച്ചുവരവിന് വേഗം കൂടിയിരിക്കുന്നു, സി.ഇ.ഒ ജോണ്‍ എം തോമസ് പറഞ്ഞു.

ടിസിഎസ് അടക്കമുള്ള പ്രമുഖരടക്കം വിവിധ കമ്പനികള്‍ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ഇതുവരെ ഇന്‍ഫോപാര്‍ക്കിലെ 8000 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കമ്പനികള്‍ക്കായി വലിയ വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കുന്നതോടെ എല്ലാ ഐടി ജീവനക്കാര്‍ക്കും വൈകാതെ വാക്‌സിന്‍ ലഭ്യമാകും. ട്രാന്‍സ് ഏഷ്യ സൈബര്‍പാര്‍ക്കും വിവിധ കമ്പനികളിലെ 3000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കമ്പനികള്‍ സ്വാകാര്യ ആശുപത്രികളുമായി സഹകരിച്ച് ജീവനക്കാര്‍ക്ക് വാക്‌സിന്‍ ഇപ്പോഴും നല്‍കി വരുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *