Breaking News

അഡ്മിനിസ്ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദർശനം; സേവ് ലക്ഷദ്വീപ് ഫോറം കരിദിനം ആചരിക്കും

വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ജൂണ്‍ 14നു പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിലെത്തുന്ന ദിവസം തന്നെ ബഹിഷ്‌കരണവും ശക്തമായ സമരമുറകളുമാണ് ദ്വീപ് ജനത ആവിഷ്‌കരിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം ഒമ്പതിന് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പാത്രവും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കും.

അന്നേദിവസം എല്ലാ വീടുകളിലും കറുത്ത കൊടികള്‍ കൊണ്ട് നിറയ്ക്കും. റോഡരികിലുള്ളവര്‍ റോഡിലേക്ക് കാണുന്ന രീതിയിലായിരിക്കും കൊടികള്‍ കെട്ടുക. കറുത്ത വസ്ത്രമുള്ളവര്‍ അന്നേ ദിവസം അത് ധരിക്കും. കറുത്ത മാസ്‌ക് വയ്ക്കാനും ഇല്ലാത്തവര്‍ അത് സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. കറുത്ത മാസ്‌കോ, വസ്ത്രമോ ഇല്ലാത്തവര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിനിയമങ്ങള്‍ക്കെതിരേ പ്ലക്കാഡുകള്‍ ഉയര്‍ത്തും.

കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിക്കണമെന്നും പ്രതിഷേധമെല്ലാം വീടിനകത്തായിരിക്കണമെന്നും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. പ്രതിഷേധ സമരത്തിന്റെ രണ്ടാംഘട്ടമായാണ് ഇത്തരമൊരും സമരരീതി ആവിഷ്‌കരിക്കുന്നത്. നേരത്തേ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 12 മണിക്കൂര്‍ നിരാഹാരം സംഘടിപ്പിക്കുകയും വെള്ളത്തിനടിയില്‍ പോലും സേവ് ലക്ഷദ്വീപ് എന്ന പ്ലക്കാര്‍ഡേന്തി പ്രതിഷേധിച്ചതും ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അതേസമയം, ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു.

ബിജെപി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്ദുള്ളക്കുട്ടി വാട്സാപ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്ത് വന്നത്. ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷ്ദ്വിപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മറുപടി നൽകിയ അബ്ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *