Breaking News

നിയമസഭാംഗങ്ങൾക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്റ് പാർലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷൻ കൺട്രോൾ ടീമും അമ്യൂസിയം ആർട്സ് ആന്റ് സയൻസും സംയുക്തമായി നിയമസഭാ സാമാജികർക്കായി കോവിഡ്-19 പരിശീലന പരിപാടി സംഘടിപ്പിച്ചു.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന പരിശീലന പരിപാടി സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുസമൂഹവുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുന്നവരായ ജനപ്രതിനിധികൾക്ക് പരിശീലന പരിപാടി കൂടുതൽ കോവിഡ് സുരക്ഷാ അവബോധം നൽകുമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. താനുൾപ്പെടെ സഭാംഗങ്ങളിൽ പലർക്കും കോവിഡ് ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.
ഡോ.അജിത് കുമാർ.ജി,
ഡോ.സന്തോഷ് കുമാർ.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘമാണ് പരിശീലനം നൽകിയത്. ശരിയായ സാനിറ്റൈസേഷൻ, മാസ്‌ക്കുകളുടെ ഉപയോഗം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡോ.അജിത്കുമാർ കൃതജ്ഞതയും പറഞ്ഞു. സാമാജികരുടെ സംശയങ്ങൾക്ക് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *