Breaking News

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചൊവ്വാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സംസ്ഥാനത്തെ കൊവിഡു സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയും ഉദ്ദവ് താക്കറെയും സംസാരിച്ചിരുന്നു. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. എന്നാല്‍ അടുത്തിടെ കൊവിഡ് കേസുകളില്‍ കുറവു വന്നിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍-മെയ് മാസങ്ങളിലെ മാരകമായ കുതിച്ചുചാട്ടത്തിനു ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സര്‍ക്കാറിന്റെ വാക്സിനേഷന്‍ നയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, രാജ്യത്തു തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഡിസംബര്‍ ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
നേരത്തെ പറഞ്ഞിരുന്നു. മെയ് ഏഴു മുതല്‍ രാജ്യത്തു കൊവിഡ് കേസുകളില്‍ കുറവ് തുടരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.

കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *