Breaking News

കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുക്കും

കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും. ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കമ്മീഷൻ ശാസിച്ചു.
വിശദമായ അന്വേഷണം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചത്. അഞ്ചുതെങ്ങുമൂട് യോഗീശ്വര ക്ഷേത്രത്തിന്റെ വളപ്പിൽ ഇരുന്ന പ്ലസ് വൺ വിദ്യാർത്ഥികളായ നാല് കുട്ടികളെയാണ് മർദ്ദിച്ചത്. പഠിക്കാൻ ഇരുന്നപ്പോളാണ് തല്ലിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

രണ്ടു ജീപ്പിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ പിടികൂടുകയായിരുന്നു.കുട്ടികളുടെ ശരീരത്തിൽ അടിയേറ്റ് പാടുകൾ നിരവധിയുണ്ട്.
കേബിൾ വയറുപയോഗിച്ചും തല്ലിയെന്നാണ് പരാതി. തടയാൻ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും,അവരുടെ മുന്നിലിട്ട് മർദിച്ചെന്നും പരാതിയുണ്ട്.സ്റ്റേഷനിൽ കൊണ്ട് പോയ വിദ്യാർത്ഥികളെ വൈകിട്ടോടെയാണ് വിട്ടയച്ചത്.

ലഹരി ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും പൊലീസിനെ കണ്ടതോടെ വിദ്യാർത്ഥികൾ ഓടിയതിനാലാണ് ബാലപ്രയോഗം വേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം.എന്നാൽ സംഭവം വാർത്തയായതോടെ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുന്നത് ഒഴിവാക്കാൻ കാട്ടാക്കട പോലീസ് ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *