Breaking News

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല: നിലപാട് വ്യക്തമാക്കി കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ലെന്ന് കരസേന മേധാവി എം.എം നരവാനെ. പതിറ്റാണ്ടുകളായി പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇന്ത്യയിലേയ്ക്ക് ഭീകരവാദികളെ അതിര്‍ത്തി കടത്തിവിടുന്നതും അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് കരസേന മേധാവി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ഉറപ്പ് വരുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കിടയിലും വിശ്വാസം വളരാന്‍ സഹായിക്കും. ഇത് ഉറപ്പുവരുത്തേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്വമാണെന്നും നരവാനെ വ്യക്തമാക്കി.

സൈന്യത്തിന്റെ പ്രവര്‍ത്തനവും സുരക്ഷാ മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായാണ് കരസേന മേധാവി കശ്മീര്‍ താഴ്‌വരയിലെത്തിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അദ്ദേഹം പ്രദേശിക കമാന്‍ഡര്‍മാരോട് ചോദിച്ചറിഞ്ഞു. അതിര്‍ത്തിയിലെ സൈനികരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം സൈനികരുടെ മനോവീര്യത്തെയും തയ്യാറെടുപ്പുകളെയും പ്രശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *