Breaking News

ബ്ലാക്ക് ഫംഗസ് രോഗം പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പൂര്‍: കൊവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മ്യൂക്കര്‍മൈസോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ 2020ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുത്തിയത്. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ശമനത്തിനായി നല്‍കുന്ന മരുന്ന് വാങ്ങുന്നതിനായുള്ള ഇടപെടലുകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.

ലിപോസോമല്‍ ആഫോടെറിസിന്‍ ബി മരുന്നിന്റെ 2500ഓളം വയലുകള്‍ വാങ്ങുന്നതിനായാണ് സര്‍ക്കാര്‍ നടപടി എടുത്തിട്ടുള്ളത്. രാജസ്ഥാനില്‍ നൂറോളം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്കായി ജയ്പൂരിലെ സവായ് മന്‍ സിംഗ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും ഒരുക്കിയിട്ടുണ്ട്. ഗുരുതരമായ പ്രമേഹ രോഗമുള്ളവര്‍ക്കാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹിയിലും കൊവിഡ് ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നുണ്ട്. കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യ പ്രദേശ്, ആന്ധ്രാ പ്രദേശ്, ഹരിയാന ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം. പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *