Breaking News

എതിരില്ലാതെ 20 വാർഡിൽ എൽഡിഎഫ്; ആത്മവിശ്വാസത്തോടെ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ 20 വാർഡുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കാസർകോട് ജില്ലയിൽ നാലിടത്തും കണ്ണൂർ ജില്ലയിൽ 15 ഇടത്തും ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ ഒരു വാർഡിലുമാണ് എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

കാസർക്കോട് മടിക്കൈയിൽ മൂന്ന് സ്ഥാനാർഥികൾക്കാണ്‌ എതിരില്ലാത്തത്‌. എം രാധ (വാർഡ് 11), രമ പത്മനാഭൻ (വാർഡ് 12), എസ് പ്രീത (വാർഡ് 13) എന്നിവരാണിവർ. ആകെ 15 വാർഡാണുള്ളത്.

70 വർഷമായി ഇവിടെ ഇടതുഭരണമാണ്‌. മുമ്പും എതിരില്ലാതെ വിജയിച്ചിട്ടുണ്ട്‌. കയ്യൂർ–- ചീമേനിയിലെ ഏഴാം വാർഡായ പള്ളിപ്പാറയിൽ കെ പി വത്സലനെതിരെ സ്ഥാനാർഥിയില്ല.

കണ്ണൂർ ജില്ലയിൽ ആന്തൂർ നഗരസഭയിൽ ആറ്‌ വാർഡുകളിലാണ്‌ എതിരാളികൾക്ക്‌ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാതെവന്നത്‌. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചുവാർഡുകളും എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ്‌ നഗരസഭയിലെ ഒന്നും കാങ്കോൽ–- ആലപ്പടമ്പ്‌ പഞ്ചായത്തിലെ‌ രണ്ടും കോട്ടയം പഞ്ചായത്തിലെ ഒന്നും വാർഡുകളിലും എതിരില്ല.

ആന്തൂരിൽ രണ്ട്‌, മൂന്ന്‌, 10, 11, 16, 24 വാർഡുകളാണ്‌ എൽഡിഎഫിന്‌ എതിരില്ലാതെ ലഭിച്ചത്‌. രണ്ടാം വാർഡായ മോറാഴയിൽ സി പി മുഹാസും മൂന്ന്‌ കാനൂലിൽ ‌എം പ്രീതയും പത്ത്‌ കോൾമൊട്ടയിൽ എം പി നളിനിയും 11 നണിച്ചേരിയിൽ എം ശ്രീഷയും 16 ആന്തൂരിൽ ഇ അഞ്ജനയും 24 ഒഴക്രോത്ത്‌ വി സതീദേവിയുമാണ്‌ സ്ഥാനാർഥികൾ. തളിപ്പറമ്പ് നഗരസഭയിൽ 25ാം വാർഡായ കൂവോട് എൽഡിഎഫ്‌ സ്ഥാനാർഥി ഡി വനജയ്‌ക്കാണ് എതിരില്ലാത്തത്.

മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11 വാർഡുകളാണ്‌ എൽഡിഎഫ്‌ സ്വന്തമാക്കിയത്‌. മൂന്നാം വാർഡ് അഡുവാപ്പുറം നോർത്ത് ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ മിനി കെ വി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റ് കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റ് ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തല കെ സജിത എന്നിവർക്കെതിരെ ആരും പത്രിക നൽകിയില്ല.

കാങ്കോൽ–- ആലപ്പടമ്പ്‌ പഞ്ചായത്തിലെ ഒമ്പതാം വാർഡ്‌ കരിങ്കുഴിയിൽ ഇ സി സതിക്കും പതിനൊന്നാം വാർഡായ താഴെക്കുറുന്തിൽ കെ പത്മിനിക്കും കോട്ടയം പഞ്ചായത്തിലെ മൂന്നാം വാർഡായ പുറക്കളത്ത്‌ കെ സഞ്‌ജയനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *