October 9, 2024

ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം

Share Now

കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാമ്പിങ് സൗകര്യമൊരുക്കുന്നതിന് സിപോഡ്സ് എന്ന പേരിൽ ഉൽപ്പന്നവും സാങ്കേതിക സഹായവുമായി എത്തിയിരിക്കുന്നത് ടൂറിസം സ്റ്റാർട്ടപ്പ് ക്യാമ്പർ ആണ്.  കേരള സ്റ്റാർട്ടപ്പ് മിഷൻ്റെയും കെ എസ് ഐ ഡി സിയുടെയും സഹായത്തോടെയാണ് ഈ ഉൽപ്പന്നം പുറത്തിറക്കിയിട്ടുള്ളത്. ഗ്ലാമറസ് ക്യാമ്പിങ് എന്ന ഗ്ലാമ്പിങിനു വേണ്ട എല്ലാ സഹായങ്ങളും സിപോഡ്സിലൂടെ കമ്പനി നൽകും. ആഡംബര സൗകര്യങ്ങളോടെയുള്ള ക്യാമ്പിങ് ടെന്റുകളാണ് സിപോഡ്സ്.

നിർമാണ പ്രവൃത്തികൾ ആവശ്യമില്ലാത്ത, ഭൂമിയുടെ സ്വാഭാവിക നിലനിൽപ്പിന് കോട്ടം വരുത്താത്ത, ഏതു ഭൂപ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്ലാമ്പിങ് ഇതു സാധ്യമാക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വനങ്ങളിലും നദിയോരങ്ങളിലും ബീച്ചുകളിലുമെല്ലാം എല്ലാ വിധ സൗകര്യങ്ങളുമുള്ള ക്യാമ്പിങ് ടെന്റുകൾ ഒരുക്കാനാകും. ടെറസുകളിലും മലനിരകളിലും കാരവൻ പാർക്കിങ് സ്ഥലങ്ങളിലും ഫാം ഹൌസുകളിലുമെല്ലാം സിപോഡ്സ് ഉപയോഗിച്ച് ഗ്ലാമ്പിങ് ടെന്റുകൾ ഒരുക്കാം.  

കേരളത്തിലാദ്യമായി ടൂറിസം രംഗത്ത് ക്യാമ്പിംഗ് സൗകര്യം അവതരിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ക്യാമ്പർ ആണ് നൂതനാശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇവർ ഗ്ലാമ്പിങ് സൗകര്യം ഒരുക്കി നൽകുന്നത്. പഞ്ചനക്ഷത്ര റിസോർട്ടിന് തുല്യമായ സൗകര്യങ്ങളോടെ താമസിച്ചു, പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ ആസ്വദിക്കാൻ കഴിയുന്ന ടെന്റിങ് ആണ് ഗ്ലാമ്പിങ്. 

സിപോഡ്സ് ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ട് ഗ്ലാമ്പിങ് ടെന്റുകൾ സജ്ജീകരിക്കാൻ കഴിയും. 300 ചതുരശ്ര അടി വിസ്തീർണമുള്ള സിപോഡ്സ് യൂനിറ്റിൽ ഒരു ബെഡ് റൂം, സിറ്റ്-ഔട്ട് കം ഡൈനിംഗ് സ്‌പെയ്‌സ്, ശുചിമുറി, ലഗേജ് റൂം എന്നിവയാണ് ഉൾപ്പെടുന്നത്. ടൂറിസ്റ്റുകളുടെ അഭിരുചിക്കനുസരിച്ച് ഇന്റീരിയർ, വാതിലുകൾ, ഫ്ളോറിങ് തുടങ്ങിയ അകത്തള സൗകര്യങ്ങൾ പ്രത്യേകം സജ്ജീകരിക്കാനും കഴിയും. 

“വിദേശങ്ങളിൽ സാഹസിക വിനോദത്തിന്റെ ഭാഗമെന്ന നിലയിൽ ഗ്ലാമ്പിങ് വളരെ പ്രശസ്തമാണ്. കേരളത്തിന്റെ ടൂറസം പശ്ചാത്തലവും ഗ്ലാമ്പിങിന് ഏറെ  അനുയോജ്യമായതും ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. ചെറിയ സ്ഥലസൗകര്യത്തിൽ ഒരു റിസോർട്ടിന്റെ വലിപ്പത്തിൽ, നാലിലൊന്ന് ചെലവിൽ ഗ്ലാമ്പിങ് ടെന്റുകൾ ഒരുക്കാൻ കഴിയും”, ക്യാമ്പർ സിഇഒ പ്രബിൽ എം ജെ പറയുന്നു. 

ടൂറിസം സംരംഭകർക്കിത് വലിയ അവസരമാണ് തുറന്നിടുന്നത്. ചെറിയ മുതൽ മുടക്കിൽ ഉയർന്ന വരുമാനം നേടാൻ ഇത് അവസരമൊരുക്കും. ക്യാമ്പർ അവതരിപ്പിക്കുന്ന സിപോഡ്സ് ഗ്ലാമ്പിങ് ടെന്റുകൾ ഏതു ഭൂപ്രദേശത്തിനും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമി ലഭ്യതയ്ക്കനുസരിച്ച് സംരംഭകർക്ക് കെട്ടിട നിർമ്മാണത്തിന്റെ നൂലാമാലകളൊന്നുമില്ലാതെ വിശാലമായ ഒരു റിസോർട്ട് തന്നെ ഒരു മാസത്തിനകം സിപോഡ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയും. പ്രകൃതിക്ക് ദോഷം വരാത്ത നിർമ്മാണ രീതിയാണ്. ഈ ഗ്ലാമ്പിങ് ടെന്റുകൾ 15 വർഷം വരെ കേടുകൂടാതെ നിലനിൽക്കും. പരിപാലന ചെലവും വളരെ കുറവാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
Next post മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. തോമസ് വറുഗീസിന്