മഴക്കെടുതി: ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു
കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേർ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 312 പേരും ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 79 പേരും കഴിയുന്നു. നെടുമങ്ങാട്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നിലവിൽ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.
നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജാർഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളിക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നു. സംഭവസ്ഥലം മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം താലൂക്ക് പരിധിയിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് വീടുകളിൽ കിണറുകൾ ഇടിഞ്ഞുതാണതായും റിപ്പോർട്ടുണ്ട്.
ജില്ലയിൽ നിലവിൽ രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരം താലൂക്ക് പരിധിയിൽ 11 വീടുകളും നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീടും നെടുമങ്ങാട് താലൂക്കിൽ 15 ഉം ചിറയിൻകീഴ് താലൂക്കിൽ 13 ഉം വർക്കല താലൂക്കിൽ രണ്ടും കാട്ടാക്കട താലൂക്കിൽ മൂന്ന് വീടുകളുമാണ് ഭാഗികമായി തകർന്നത്. ജില്ലയിൽ ഇന്നും (ഒക്ടോബർ 17) ഒക്ടോബർ 20,21 തിയതികളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.