മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ
വിതുര: മോഷണ കേസ്സിലെ പ്രതിയെ മാൻ കൊമ്പുമായി വിതുര പോലീസ് അറസ്റ് ചെയ്തു. വിതുര ആനപ്പാറ വൈയക്കഞ്ചി ഗോപിക ദവനിൽ ഗോപകുമാറാണ് പോലീസ് പിടിയിലായത്.
വിതുര ബിവറേജസ് ജീവനക്കാരനായ വിതുര കളിയ്‌ക്കൽ കിഴക്കുംകര വീട്ടിൽ ജയന്‍റെ പതിനെണ്ണായിരം രൂപ വിലയുള്ള ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയായാണ് ഇയാൾ.ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന വിതുര ബിവറേജസിൽ എത്തിയ പ്രതി ജീവനക്കാരന്റെ ഫോൺ ദേഹോപദ്രവം ഏൽപ്പിച്ച് തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവശേഷം ഒളിവിലായിരുന്ന പ്രതി ആനപ്പാറയിലുളള വീട്ടിലെത്തിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഈ സമയം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ ഫോൺ കണ്ടെത്തുന്നതിനായി നടത്തിയ തെരച്ചിലിൽ ഫോണും ഒപ്പം മാൻ കൊമ്പും കണ്ടെത്തുകയായിരുന്നു.അന്വേഷത്തിൽ വന്യമൃഗങ്ങളെ വേട്ടയാടി വിൽപ്പന നടത്തുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
അടിപിടി , സ്ത്രീകളെ ദേഹോപദ്രവമേൽപ്പിക്കൽ, ചാരായ വിൽപ്പന തുടങ്ങിയ നിരവധി കേസ്സുകൾ പ്രതിയുടെ പേരിൽ നിലവിലുണ്ട് . പ്രതിയുടെ വീട്ടിൽ നിന്നും മാൻ കൊമ്പ് പിടിച്ചെടുത്ത കേസ്സ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കൂടുതൽ അന്വേഷണം തുടരുന്നതിനായി ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട് എന്ന് വിതുര ഇൻസ്‌പെക്ടർ ഓഫ് പോലീസ് പറഞ്ഞു.