കനാലിൽ മണ്ണിടിഞ്ഞു വീണു ജലമൊഴുക്ക് തടസ്സപ്പെട്ടു.
ഒരുഭാഗത്തു ഒഴുകിയെത്തുന്ന വെള്ളം കെട്ടി നിന്നും റോഡിലൂടെ ഒഴുകി തുടങ്ങി പ്രദേശവാസികൾ ആശങ്കയിൽ
മാറനല്ലൂർ :
മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ മണ്ണിടിഞ്ഞു വീണത് കാരണം ജലമൊഴുക്ക് തടസ്സപ്പെട്ടു ജനങ്ങൾ ആശങ്കയിൽ. ആഴ്ചകൾക്കുമുന്പാണു തോരാതെ പെയ്ത മഴയിൽ കനാലിലെ ഹൈ കട്ടിങ് ഏരിയയിൽ നൂറടിയോളം പൊക്കത്തിൽ നിന്നും റോഡിൻറെ ഒരുവശത്തെ മണ്ണിടിഞ്ഞു കനാലിലേക്ക് പതിച്ചത്.പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഇവരെത്തി പരിശോധന നടത്തി പോയതല്ലാതെ നടപടിയൊന്നും ആയില്ല.തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു ഭാഗത്തും ഇതേ നിലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതും യഥാസമയം അറിയിച്ചെങ്കിലും നടപടിയായില്ല. ശേഷം ശനിയാഴ്ചയും മഴ തുടർച്ചയായതോടെ കനാൽ നിറഞ്ഞു കവിഞ്ഞു മണ്ണടിക്കോണം പാൽകുന്നിലേക്ക് പോകുന്ന റോഡിനു കുറുകെ ഒഴുകി കൃഷിയിടങ്ങളിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.നെയ്യാറിൽ നിന്നും വരുന്ന ജലം മണ്ണടി കൊണം ഭാഗത്തു കൂടെ മൂക്കംപാലമൂട് ഭാഗം വഴി തേമ്പാമുട്ടം ഭാഗത്തേക്കാണ് ഒഴുകുന്നത് .
ഇടതുചാനൽക്കര റോഡാണ്.ഇതുവഴി ഭാരം കയറ്റിവലിയവാഹനങ്ങൾ പോകുന്നതും മണ്ണിടിച്ചിലിനു കാരണമായിട്ടുണ്ട്. കൂടുതൽ ജലമൊഴുക്കുണ്ടായാൽ മണ്ണടിക്കോണം പാപാകോട് ഏലായിലേക്ക് എത്തുകയും പ്രദേശത്തെ അറുപതിൽ അധികം കുടുംബങ്ങളെയും ഇവരുടെ ജീവിത മാർഗ്ഗമായി കൃഷിയെയും ബാധിക്കും. എന്നാൽ മഴ തുടരുകയും ജലമൊഴുകി വന്നു കെട്ടി നിൽക്കുന്നയിടത്തു സമ്മർദ്ദം ഉണ്ടായി ശക്തമായി ബണ്ട് ഇടിഞ്ഞു ജലം ഒഴുക്കുണ്ടാകുമോ എന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവച്ചു. അതെ സമയം ഇറിഗേഷൻ വകുപ്പ് മണ്ണുമാറ്റാനായുള്ള നടപടികൾ ആലോചിച്ചു എങ്കിലും അപകട സാധ്യതക ഉള്ളതിനാൽ ആരും മണ്ണുനീക്കം ചെയ്യാൻ തയാറാകാത്തതും പ്രതിസന്ധിയിലാക്കുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ നെയ്യാറിൽ നിന്നും ഇവിടേക്ക് ഒഴിയെത്തുന്ന ജലത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ എസ്കേപ്പ് ഷട്ടർ തുറക്കുകയും കൂടുതൽ വെള്ളം ഒഴുകിയെത്തുന്നത് തടയുകയും ചെയ്തിട്ടുണ്ട്.