പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു
കാട്ടാക്കട:
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു.മലയിൻകീഴ് മച്ചേൽ പറയാട്ടുകോണം കാവുവിള പുത്തൻ വീട്ടിൽ അശോകൻ(56)നെയാണ് 13 വയസുകാരിയെ പീഡിപ്പിച്ചതിന് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.25 വർഷം കഠിന തടവിന് പുറമേ 60,000രൂപ പിഴയൊടുക്കാനും കോടതിവിധിയിൽ പറയുന്നു.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ എട്ട്മാസം അധിക കഠിന തടവുംകൂടി പ്രതി അനുഭവിക്കണമെന്ന് അതിവേഗ പോക്സോകോടതി ജഡ്ജ് എസ്.രമേഷ് കുമാർ വിധിന്യായത്തിൽ വ്യക്തമാക്കി.
2017 നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം.ഈ ദിവസം അതിജീവിത പഠിക്കുന്ന സ്കൂളിൽ എൻ.സി.സി ക്യാമ്പായതിനാൽ അതിജീവിതയും അനുജത്തിയും വീട്ടിലുണ്ടായിരുന്നു.അതിജീവിതയുടെ മാതാവ് സ്വകാര്യ ആശുപത്രിയിലെ ജോലിക്കായി പുലർച്ചേ പോയി വൈകിട്ട് മടങ്ങി വരികയാണ് പതിവ്.ഇത് മനസ്സിലാക്കിയ പ്രതി സംഭവ ദിവസം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അതിജീവിതയെ ബലമായി അയൽ വാസിയായ പ്രതിയുടെ വീട്ടിൽക്കൊണ്ടുപോയും തുടർന്ന് അതിജീവിതയുടെ വീട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാൽ അതിജീവിതയേയും കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.പ അതിജീവിതയുടെ ഇളയ സഹോദരിയും പോക്സോ കോടതിയിൽ മൊഴി നൽകിയിരുന്നു.അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ,ഇൻസ്പെക്ടർ ടി.ജയകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും അനുബന്ധ രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.