മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ
കാട്ടാക്കട:
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലാവൂർ ഗവ: ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ശിവജിത്ത്. രണ്ടാം ക്ലാസ് മുതൽ സബ് ജില്ല, ജില്ലാതല മോണോ ആക്ട് മത്സരങ്ങളിൽ സ്ഥിരമായി സമ്മാനം നേടിയിട്ടുള്ള ശിവജിത്തിന് കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംസ്ഥാന തല കലോത്സവങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ പോയി.
തിരുവനന്തപുരം ജില്ലയിൽ നിന്നും ഒരു മത്സരാർത്ഥിക്കു തന്നെ മിമിക്രിയ്ക്കും, മോണോ ആക്ടിനും, സമ്മാനം ലഭിക്കുന്നതും ആദ്യമായിട്ടാണ്. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ചെമ്മണ്ണു വിള സ്വദേശിയും മൂന്നു പതിറ്റാണ്ടായി കലാരംഗത്തുള്ള ശിവൻ ഭാവനയുടേയും ഷിജിയുടേയും രണ്ടാമത്തെ മകനായ ശിവജിത്ത് ശിവൻ ചാനൽ ഷോകളിലും, സ്റ്റേജ് ഷോകളിലും, അച്ഛൻ ശിവൻ ഭാവനക്കൊപ്പം പങ്കെടുക്കുന്നുണ്ട് . ഷോർട്ട് ഫിലിമുകളിലൂടെയും, കുട്ടികളുടെ നാടകങ്ങളിലൂടെയും,മികച്ച നടനുള്ള നിരവധി പുരസ്കാരങ്ങൾ ശിവജിത്ത് ഇതിനോടകം അര്ഹനായിട്ടുണ്ട് .
ഗ്രന്ഥശാല കലോത്സവങ്ങളിലും ബാലഭവന്റെ സംസ്ഥാന തല നാടക മത്സരത്തിലും മികച്ച പുരസ്കാരങ്ങൾ നേടിയിരുന്നു. പ്ലാവൂർ ഹയർസെക്കണ്ടറി സ്‌കൂളിലും പൂഴനാട് ഭാവന കലാ സാംസ്കാരിക കേന്ദ്രവും കലാരംഗത്ത് ശിവജിത്തിനുള്ള എല്ലാ പിന്തുണയുമായി ഉണ്ട് .ഒരു പട്ടാള ഉദ്യോഗസ്ഥനാകുക എന്നതിലുപരി അഭിനയ രംഗത്ത് കുടുതൽ ശ്രദ്ധേയനാകുക എന്ന ലക്ഷ്യത്തോടെ യാത്ര തുടരുകയാണ് ശിവജിത്ത്.
. നിറമൺകര എൻ എസ് എസ് കോളേജിലെ ഒന്നാം വർഷ ബി എ വിദ്യാർത്ഥിനി ശിവാനി ശിവനാണ് സഹോദരി .
—