‘ഡോളറിനെ തൊട്ടാൽ’ ബ്രിക്‌സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്
ഡോളറിനെതിരെ നീക്കങ്ങൾ നടത്തിയാൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് നൂറു ശതമാനം നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണയ്ക്കുകയോ ചെയ്‌താൽ 100 ശതമാനം നികുതി ഈടാക്കുമെന്നും പിന്നീട് അവർക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഡോളറിനെ സംരക്ഷിക്കുന്നതിനായി ഇത്തരം കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് ട്രംപ് പറയുന്നത്. ബ്രിക്സ് രാജ്യങ്ങൾ യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നിവയാണ് ബ്രിക്സ് രാജ്യങ്ങൾ. ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിൽ ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങൾ ചർച്ച ചെയ്തു.
ബ്രിക്‌സ് പേ എന്ന പേരിൽ സ്വന്തം പേയ്‌മെന്റ് സ്ംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ, എന്നീ സമ്പദ്‌വ്യവസ്ഥകൾ ഒരുമിച്ച് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്‌സ് സാമ്പത്തിക വിദഗ്ദ്ധർ കരുതിയിരുന്നത്. എന്നാൽ ഇതിന് തടയിടുന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറൻസിയുടെ മൂല്യം വർധിപ്പിക്കാൻ സ്വയം ശ്രമിക്കണമെന്നാണ് ഇന്ത്യയുടെയും നിലപാട്. ഇന്ത്യൻ രൂപയിലുള്ള ഇടപാടുകൾ വർധിപ്പിക്കാനുള്ള നീക്കവും ആർബിഐയും ധനമന്ത്രാലയവും നടത്തിവരികയാണ്. ഇതിനിടെയാണ് ട്രംപ് കടുത്ത നിലപാട് അറിയിച്ചിരിക്കുന്നത്. യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായും മികച്ച ബന്ധം പുലർത്തുന്നതിനാൽ ഇന്ത്യ ഈ വിഷയത്തിൽ കരുതലോടെയാകും ഇനി നിലപാട് സ്വീകരിക്കുക.