March 22, 2025

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും ഉപരോധം; സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

Share Now

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും.

രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വീസ നിയന്ത്രണവും ഏർപ്പെടുത്തും. കൂടാതെ, കോടതിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നുണ്ട്. ചൊവാഴ്ച ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

അമേരിക്ക, ചൈന, റഷ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളല്ല. കോടതി ജീവനക്കാർക്ക് വരാൻ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മൂന്ന് മാസത്തെ ശമ്പളം അടക്കമുള്ളവ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉപരോധം കണക്കിലെടുത്ത് നൽകിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

Previous post നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്
Next post റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; റീപ്പോയിൽ 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയും