ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം
ഇന്ത്യയ്ക്ക് വേണ്ടി ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്രക്ക് ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം . രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്ററോടെ വെങ്കലവും നേടി.
യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ മറി കടക്കാനായില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത് എത്തിയത് . അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിലേക്ക് പോയി താണ്ടിയത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും 86 മീറ്റർ ദൂരം പിന്നിടാനാർക്കുമായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം ഇന്ത്യയുടെ സുവർണ്ണ നിമിഷമായി .
2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത ഉറപ്പിച്ചിരുന്ന ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും പിന്നിലായി . നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടം ഏഴിലേക്ക് വഴിമാറി.