രാത്രിയായാൽ ബസില്ല ; ദുരിതം പേറി യാത്രക്കാർ നിക്കുന്നത് മണിക്കൂറുകൾ
ഗ്രാമീണമേഖലയിൽ ഷെഡ്യൂൾ ചെയ്യുന്നതിന് പകരം ദീർഘദൂര സർവീസുകൾ വിടുന്നത് യാത്രാക്ലേശത്തിനു കാരണം
കാട്ടാക്കട: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുള്ള അശാസ്ത്രീയ ഷെഡ്യൂൾ ക്രമീകരണം കാരണം യാത്രക്കാർ വലയുന്നു.പാർക്കിങ് പേരിൽ ബസുകൾ എല്ലാം പിടിച്ചിട്ടതോടെ മലയോരഗ്രാമീണ മേഖലകളിലെ യാത്രക്കാരാണ് ദുരിതം നേരിടുന്നത്.ബസ് ക്ഷാമം നേരിടുമ്പോൾ, ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ആറ്റിങ്ങൽ ,കായംകുളം ഉൾപ്പടെ ദീർഘദൂര ബസുകൾ ഓടിക്കുന്നതിനാണ് അധികൃതർ മത്സരിക്കുന്നത്.
തിങ്കാളാഴ്ച വൈകുന്നേരം ആറുമണിമുതൽ എട്ടു മണിയോടടുത്തിട്ടും കള്ളിക്കാട്, പൂവച്ചൽ,കോട്ടൂർ ആര്യനാട്,വെള്ളനാട്,മംഗലക്കൽ,ഒറ്റശേഖരമംഗലം,മലയിൻകീഴ്, വിഴിഞ്ഞം,നെയ്യാറ്റിൻകര,പൂഴനാട്,വിളപ്പിൽശാല,തുടങ്ങി ഒരിടത്തേക്കും പോകാനാകാതെ യാത്രക്കാർ കാത്തു നിന്നതു മണിക്കൂറുകൾ. മഴ കനത്തതും നേരം വൈകിയും വീട്ടിൽ പോകാനാകാതെ വൃദ്ധരും കുട്ടികളും ഉൾപ്പടെ ഇരുനൂറിലധികം യാത്രക്കാരാണ് തിങ്കളാഴ്ച കാത്തു നിന്ന് മടുത്ത്ഒടുവിൽ വീട്ടുകാരെ വിളിച്ചു വരുത്തിയും ഓട്ടോറിക്ഷകളെ ആശ്രയിച്ചു വീടുപറ്റിയത്.മണിക്കൂറുകൾ കാത്തു നിന്ന് വലയുന്ന യാത്രക്കാർക്ക് അടിയന്തിര പ്രാധാന്യം നൽകി ബസ് സർവീസ് നടത്താനോ ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും അധികൃതർ ഒരുക്കുന്നില്ല എന്ന ആക്ഷേപമാണുള്ളത്.
വീട്ടുജോലിക്ക് പോകുന്നവരും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും,ആശുപത്രിയിലും അസുഖവിവരം അന്വേഷിച്ചു പോകുന്നവരും ഉൾപ്പെടെയാണ് ബസുകളുടെ അഭാവവും അധികൃതരുടെ അനാസ്ഥയും കൊണ്ട് വലയുന്നത്.രാത്രി ഏഴുമണികഴിഞ്ഞ ഇതര ഡിപ്പോകളിൽ നിന്നും ബസുകൾ ഇല്ലാത്തതും ദുരിതത്തിന് കാരണമാകുന്നു. രാത്രികാലങ്ങളിലെ യാത്രാക്ലേശം എങ്കിലും പരിഹരിക്കാൻ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.