December 12, 2024

റെയില്‍വേ ട്രാക്കില്‍ മഹീന്ദ്ര ഥാര്‍; പരാക്രമം വെര്‍ച്വല്‍ ലോകത്ത് വൈറലാകാന്‍; ഒഴിവായത് വന്‍ ദുരന്തം

Share Now

ഇന്‍സ്റ്റാഗ്രാം റീലില്‍ ലൈക്കുകള്‍ വാരിക്കൂട്ടി വൈറലാകാന്‍ യുവാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ പല സ്ഥലങ്ങളിലും അതിരുകടക്കാറുണ്ട്. രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ്. റീല്‍ ചിത്രീകരിച്ച് വൈറലാകാന്‍ യുവാവ് തിരഞ്ഞെടുത്ത മാര്‍ഗമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. സൈബര്‍ ലോകത്ത് വൈറലാകാന്‍ തന്റെ മഹീന്ദ്ര ഥാര്‍ റെയില്‍വേ ട്രാക്കിലൂടെ ഓടിച്ച യുവാവ് ആണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇയാള്‍ ട്രാക്കില്‍ വാഹനം കയറ്റിയതിന് പിന്നാലെ ട്രെയിന്‍ വരുന്നത് കണ്ട് ഥാര്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നാലെ വാഹനം ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ട്രാക്കില്‍ കിടന്ന ഥാര്‍ അകലെ നിന്ന് തന്നെ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് വിവരം അറിഞ്ഞ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും സ്ഥലത്തെത്തിയാണ് ട്രാക്കില്‍ നിന്ന് വാഹനം നീക്കിയത്.

യുവാവ് മദ്യപിച്ചാണ് അതിക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. വാഹനം ട്രാക്കില്‍ നിന്ന് പുറത്തെടുത്തതിന് പിന്നാലെ യുവാവ് പൊലീസിനെ കബളിപ്പിച്ച് വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ മൂന്ന് പേരെ വാഹനം ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വളഞ്ഞിട്ട് പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി
Next post ‘വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും’; നിലപാടറിയിച്ച് പി പി ദിവ്യ