December 12, 2024

എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി; കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയെ അനുവദിക്കരുതെന്ന് സിഎംആര്‍എല്‍

Share Now

എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിലേക്ക് മാറ്റി. സിഎംആര്‍എല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയ്ക്ക് 10 ദിവസത്തെ സമയം അനുവദിച്ചു ഡല്‍ഹി ഹൈക്കോടതി. അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്എഫ്‌ഐഒ. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് ഡല്‍ഹി ഹൈക്കോടതി എടുത്തപ്പോഴാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ തീരുമാനം വൈകരുതെന്ന് സിഎംആര്‍എല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയെ അനുവദിക്കരുതെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ 10 ദിവസത്തെ സമയം കൂടി വേണമെന്ന് എസ്എഫ്‌ഐഒക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയില്‍ ആവശ്യപ്പെട്ടു.

മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനെ എതിര്‍ക്കാതിരുന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്ന വരെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇരുഭാഗത്തോടും വാദം എഴുതി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍ ഷോണ്‍ ജോര്‍ജും ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായി. കേരള ഹൈക്കോടതിയില്‍ ഉള്‍പ്പടെ ഈ ഇടപാടുമായി ബന്ധപ്പെട്ട് നാല് ഹര്‍ജികള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ മൂന്നെണ്ണത്തില്‍ തീര്‍പ്പായെന്നും ഷോണ്‍ ജോര്‍ജിന്റെ അഭിഭാഷകന്‍ ഷിനു ജെ. പിള്ള കോടതിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ’: സമാന്ത
Next post ‘ജനനനിരക്ക് കുത്തനെ ഇടിയുന്നു’; റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരിഗണനയിൽ