December 12, 2024

’10 ദിവസത്തിനുള്ളില്‍ യോഗി രാജിവെച്ചൊഴിയണം, ഇല്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകും’; സല്‍മാന്‍ ഖാന് പിന്നാലെ മുഖ്യമന്ത്രി ആദിത്യനാഥിനും വധഭീഷണി

Share Now

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ കിട്ടിയത്. 10 ദിവസത്തിനുള്ളില്‍ ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നാണ് ഭീഷണി. മുന്‍മന്ത്രിയും അജിത് പവാര്‍ വിഭാഗം എന്‍സിപിയുടെ നേതാവുമായ ബാബ സിദ്ദിഖി മുംബൈയിലെ ബാന്ദ്രയില്‍ കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ അധോലോക സംഘമായ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിയുണ്ടായിരുന്ന ബാബ സിദ്ദിഖി വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നതിന് ശേഷം ജയിലുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാബ സിദ്ദിഖിയെ കൊന്നതിന് ശേഷം ലോറന്‍സ് ബിഷ്‌ണോയ് സംഘം സല്‍മാന്‍ ഖാനെതിരേയും വധഭീഷണി മുഴക്കിയിരുന്നു. രാജസ്ഥാനില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പകയിലാണ് സല്‍മാന്‍ ഖാന് നേര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘം തിരിഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് മുന്നില്‍ നടന്ന വെടിവെപ്പിന് പിന്നിലും ജയിലിലുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ ഗ്യാങില്‍ പെട്ടവരായിരുന്നു. ബാബ സിദ്ദിഖിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭയപ്പാടില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

നിരവധി വധഭീഷണികള്‍ പ്രമുഖര്‍ക്കെതിരെ വരുന്നതിന് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ മഹാരാഷ്ട്രയിലേക്ക് ഭീഷണി സന്ദേശമെത്തുന്നത്. മുംബൈ ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഇന്നലെ വൈകുന്നേരമാണ് അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജിവച്ചില്ലെങ്കില്‍ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം. മുംബൈ പോലീസ് വിഷയം ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. വധഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസ് സംഘം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈ പോലീസിന് നിരവധി വധഭീഷണികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇല്ലാതാക്കുമെന്ന പുതിയ ഭീഷണി സന്ദേശം. നേരത്തെ ഭൂരിഭാഗം ഭീഷണി സന്ദേശവും സല്‍മാന്‍ ഖാനെ ലക്ഷ്യം വെയ്ക്കുന്നതായിരുന്നു. ഭീഷണി ഗൗരവമായി കണ്ടു മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഭൂരിഭാഗം ഭീഷണി സന്ദേശവും. കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖിയെ കൊല്ലുമെന്നുള്ള ഭീഷണി സന്ദേശവും പൊലീസ് ട്രെയ്‌സ് ചെയ്യാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ
Next post ‘സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കും’; ബിജെപിയുമായി മാത്രമല്ല മുസ്ലീം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ: എൻ എൻ കൃഷ്ണദാസ്