December 10, 2024

സിനിമാ മേഖലയലില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

Share Now

തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും. സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാര്‍ഗനിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോര്‍പ്പറേഷനും സംയുക്തമായി ലേബര്‍ കോഡ് നിര്‍ദേശങ്ങള്‍ വനിത സിനിമ പ്രവര്‍ത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പുറകിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നത് ശാക്തീകരണത്തില്‍ പ്രധാനമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓരോ സ്ത്രീയ്ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാകണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപടലുകളും ഉണ്ടാകും.

മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതാണ്. നാളെ ഇതിനായി പ്രത്യേക യജ്ഞം നടത്തും. സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് വനിത വികസന കോര്‍പറേഷന്റെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ പലിശയ്ക്കാണ് ലോണ്‍ നല്‍കുന്നത്. ഇതോടൊപ്പം വിദഗ്ധ പരിശീലനങ്ങളും നല്‍കുന്നു.

സിനിമ മേഖലയെ, കൂടുതല്‍ വനിതകള്‍ ജോലിചെയ്യുന്നതും മെച്ചപ്പെട്ടതും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ മേഖലയാക്കി മാറ്റുന്നതിന് ഈ ശില്പശാല തുടക്കം കുറിയ്ക്കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടി വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമാതാരം അമല അക്കിനേനി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതം ആശംസിച്ചു. വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ബീനാ പോള്‍ (ഡബ്ല്യു.സി.സി), എം. രഞ്ജിത്ത് (പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), ജി.എസ്. വിജയന്‍ (വൈസ് പ്രസിഡന്റ് ഫെഫ്ക), സജിന്‍ ലാല്‍ (മാക്ട), എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍), മാലാ പാര്‍വ്വതി (അമ്മ ഐസിസി മെമ്പര്‍) എന്നിവര്‍ സംസാരിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ എംഡി വി.സി ബിന്ദു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു
Next post ഉഴമലയ്ക്കലമ്മ പുരസ്‌കാരം വാവ സുരേഷിന്