വിദ്യാ കിരണം 53 സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം 10ന് പൂവച്ചലിൽ മുഖ്യ മന്ത്രി നിർവഹിക്കും.
കാട്ടാക്കട:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന ‘വിദ്യാകിരണം’ മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചൽ ജി. വി. എച്ച്. എസ്. എസിൽ നടക്കും. മറ്റു സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുക.
90 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചിലവഴിച്ചിരിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മൂന്നു കോടി രൂപ എന്ന വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കെട്ടിടത്തിന് ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്. എം. എൽ. എ ഫണ്ട്, പ്‌ളാൻ ഫണ്ട്, നബാർഡ് ഫണ്ടുകളിൽ നിന്നുള്ള 40 കോടി രൂപ ചെലവഴിച്ചു 37 കെട്ടിടങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്.
പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനു കിഫ്ബി ഫണ്ട് അഞ്ച് കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റേയും ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ലാബ് സമുച്ചയത്തിന്റേയും ഉദ്ഘാടനം വ്യഴാഴ്ച രാവിലെ 11.30 മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , അരുവിക്കര എം എൽ എ അഡ്വ: ജി.സ്റ്റീഫൻ സ്കൂൾ മന്ദിരങ്ങളുടെ താക്കോൽ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റ് വാങ്ങും.
മന്ത്രിമാരായ അഡ്വ. കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ. എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, കെ. രാധാകൃഷ്ണൻ, വീണാജോർജ്, ജെ. ചിഞ്ചുറാണി, അടൂർ പ്രകാശ് എം. പി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി വി.പി ജോയി സ്വാഗതവും ,പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്സ് നന്ദിയും പറയും.
ടി ശ്യാം കുമാർ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ ഉഷ വിൻസെന്റ്,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ,പിടിഎ പ്രസിഡന്റ് പൂവച്ചൽ സുധീർ, എസ് എം സി ചെയർ മാൻ പ്രദീപ്,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പ്രിയ വി എച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് കെ നിസ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.