വാഹനാപകടം : അജ്ഞാത വാഹനം കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- വാർത്താവിനിമയ സuകര്യങ്ങളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം പോലീസും മേട്ടോർവാഹനവകുപ്പും ചേർന്ന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
ഇക്കാര്യത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ കർശന നിരീക്ഷണവും അനന്തര നടപടികളുമുണ്ടാവണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പു കമ്മീഷണർക്കും നിർദ്ദേശം നൽകി.
മുൻ ചീഫ് സെക്രട്ടറി അന്തരിച്ച സി പി നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വാഹനാപകടത്തിൽ പരിക്കേറ്റയാളെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിയമപ്രകാരം അപകടത്തിന് ഉത്തരവാദിയായ വ്യക്തിക്കുണ്ട്. അത് നിറവേറ്റാതെ കടന്നുകളയുന്നത് ശിക്ഷാർഹമായ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
വാഹനമിടിപ്പിച്ച ശേഷം കടന്നുകളയുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടാലുടനെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശമയച്ച് അജ്ഞാതവാഹനം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു. ഇടിച്ച വാഹനം ജില്ല വിട്ടതായി സംശയമുണ്ടായാൽ അടുത്തുള്ള ജില്ലകൾക്കും സന്ദേശം കൈമാറും. അജ്ഞാത വാഹനം കണ്ടെത്തുന്നതിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറാദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടസ്ഥലത്ത് നിന്നും ലഭിക്കുന്ന വാഹനഭാഗങ്ങളും പെയിന്റും വർക്ക്ഷോപ്പും കേന്ദ്രീകരിച്ചും അന്വേഷണം നടത്താറുണ്ട്. ഫോറൻസിക് വിദഗ്ദധരുടെ സേവനവും ലഭ്യമാക്കാറുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.