January 19, 2025

സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണം, കത്ത് നൽകി വി ഡി സതീശൻ

Share Now

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിച്ച സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി ഡി സതീശൻ. കുറ്റക്കാരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ് വി ഡി സതീശൻ നൽകിയത്.

സർവീസിലുള്ള സർക്കാർ ജീവനക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നുവെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണെന്ന് കത്തിൽ പറയുന്നു. അവരുടെ പേരുവിവരങ്ങൾ പുറത്തുവിടാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് കത്തിൽ പറയുന്നു. ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്‌തംബറിൽ കംട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നുവെന്നും കത്തിലുണ്ട്.

പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മേയ് മാസത്തിൽ സർക്കാർ സിഎജിയെ അറിയിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അത്ഭുതകരമാണ്. സർക്കാർ ശമ്പള സോഫ്‌ടുവെയറായ സ്‌പാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ സോഫ്‌ട്‌വെയറായ സേവനയും ഒത്തുനോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ട് വർഷമാണ് സർക്കാർ പാഴാക്കിയത്. സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാവുമെന്നും വി ഡി സതീശൻ പറഞ്ഞു.

ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്ത് തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെയാകെ അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിൻ്റെ പേരിൽ നിഷേധിക്കപ്പെടരുത്. ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്ട്വെയറിൽ ഗുരുതര പോരായ്‌മകൾ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കത്തിൽ ചൂണ്ടി കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നു; പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം: ഇ.പി ജയരാജൻ
Next post ‘ഡോളറിനെ തൊട്ടാൽ’ ബ്രിക്‌സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്