സ്കൂളിലെ പുതിയ മന്ദിരത്തിലെ ഭിത്തി ഇടിഞ്ഞു വീണു നിർമ്മാണത്തിലെ അപാകത എന്ന് ആരോപണം.
കാട്ടാക്കട:
കണ്ടല സർക്കാർ ഹൈസ്കൂളിന്റെ 3 കോടി ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം ഇടിഞ്ഞു വീണത് എന്ന് ആരോപണം.ഇടിഞ്ഞു വീണ ഭാഗത്ത് തടി കഷ്ണവും മരത്തിൻ്റെ വേരും സിമൻ്റ് ചാക്കും ഉൾപ്പെടെ നീക്കം ചെയ്യാതെ ആണ് ഭിത്തി കെട്ടി നിർമ്മിച്ചിരുന്നത്.ഇതാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം നടന്ന കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ് സ്കൂളിന് കിലോമീറ്ററുകൾക്ക് അടുത്താണ് കണ്ടല സർക്കാർ ഹൈ സ്കൂൾ. പ്രവേശനോത്സവ ദിനമായ വ്യാഴാഴ്ച്ച രാവിലെ സ്കൂൾ തുറന്നപ്പോൾ ആണ് ഭിത്തി ഇടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. സർക്കാർ പ്ലാൻ ഫണ്ട് വിനിയോഗിച്ച് ആണ് പഴയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി കെട്ടിട നിർമ്മാണം. കെട്ടിടം പൂർണമായി നിർമ്മാണം നടന്നിട്ടില്ല. എന്നാല് ഇടിഞ്ഞു വീണ ഭാഗത്തെ പ്ലസ്റ്റ്ററിങ്വ, ഫാൻ , സ്വിച്ച് ബോർഡ് ഉൾപ്പെടെ സ്ഥാപിച്ചു വയറിംഗ് ജോലികൾ പൂർത്തികരിച്ച മുറിയുടെ ഭിത്തിയാണ് ഇടിഞ്ഞു വീണത്.
ഇതേ മുറിയിൽ വശത്ത് കൂടെ വെള്ളം ചോർന്നു ഒലിക്കുന്നും ഉണ്ട്.ഇത് കൂടാതെ കെട്ടിടത്തിൽ മറ്റു ചിലയിടങ്ങളിൽ ഇപ്പൊൾ തന്നെ ചോർച്ചയും വൈദ്യുതീകരണം നടത്തിയതിനും പിഴവുകളും ഉണ്ടെന്നും നേരത്തെ തന്നെ ആരോപണ ഉയർന്നിരുന്നു.കെട്ടിടത്തിന് പുറകുവശത്ത് മഴവെള്ളം ഉൾപ്പടെ ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതും വെള്ളം താണ് കെട്ടിടത്തിൻ്റെ ഭിത്തി തകരാൻ കാരണമാകും എന്നും പൊതു പ്രവർത്തകർ ചൂണ്ടി കാട്ടി.ഇതിനിടെയാണ് പ്രവേശനോത്സവം നടന്ന ദിവസം കെട്ടിടത്തിൻ്റെ ഒരുഭാഗം ഭിത്തി പൊളിഞ്ഞു വീണത്.വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ ചട്ടങ്ങളും മതിയായ മേൽനോട്ടവും ഇല്ലാതെ തീർത്തും അഴിമതിക്ക് കുടപിടിച്ചു ആണ് നിർമ്മാണം എന്നും അശാസ്ത്രീയ നിർമാണം ആണ് ഇപ്പൊൾ കെടിടത്തിൻ്റെ ഭിത്തി പൊളിയാൻ കാരണമെന്നും നക്കോട് അരുൺ, കണ്ടല സുരേഷ്, തൂങ്ങാമ്പാറ ബാലകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ കക്ഷികളും പൊതു പ്രവർത്തകരും ആരോപിക്കുന്നു. രാവിലെ സ്കൂൾ തുറക്കാൻ എത്തുന്ന മുന്നേ ആണ് കെട്ടിടത്തിൻ്റെ ഒരു ഭാഗം ഭിത്തി ഇടിഞ്ഞു വീണു കിടക്കുന്നു ശ്രദ്ധയിൽപ്പെട്ടത് എന്നും പ്രവേശനോത്സവം സര്ക്കാര് മാനദണ്ഡം അനുസരിച്ച് നടന്നു എന്നും പ്രധാന അധ്യാപിക മിനി പ്രകാശ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് .