സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേര്‍ന്നു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരില്‍ ഒരുക്കുന്ന സാംസ്‌കാരിക ബോധവല്‍ക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേര്‍ന്നു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ, കായിക, സാംസ്‌കാരിക രംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ജില്ലയിലെ വനിതകളെ ആദരിക്കുവാനും തീരുമാനമായി.
ജില്ലാതല, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലം, വാര്‍ഡ് തലം എന്നീ വിഭാഗങ്ങളില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. എം.പി, എം.എല്‍.എ, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സാമൂഹ്യ സന്നദ്ധ സേന, സര്‍വകലാശാല യൂണിയനുകള്‍, കോളേജ്, യൂണിവേഴ്‌സിറ്റി, ലൈബ്രറി കൗണ്‍സില്‍, ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വജ്ര ജൂബിലി ഫെലോഷിപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയ ജില്ലാതല സംഘാടക സമിതി നവംബര്‍ 17- നകം രൂപീകരിക്കും.
സാംസ്‌കാരിക വകുപ്പിന്റെ പരിധിയിലുള്ള ഭാരത് ഭവന്‍, മലയാളം മിഷന്‍, കേരള ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
സെമിനാറുകള്‍, ഡോക്യുമെന്റേഷന്‍, നാടകം, പെണ്‍ കവിയരങ്ങുകള്‍, സ്ത്രീപക്ഷ നിയമ ബോധവത്കരണം, വനിതാ ചിത്രകലാ ക്യാമ്പ്, ചിത്രകല കളരി, പുസ്തക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ 23 പ്രവര്‍ത്തനങ്ങളാണ് നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എന്‍.മായ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.എം അന്‍സാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.