റിസബാവയുടെ വിയോഗത്തിൽ വിലപിച്ച് സിനിമാ ലോകം
കൊച്ചി: നടൻ റിസബാവയുടെ വിയോഗത്തിൽ വിലപിച്ച്നടൻ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മനോജ് കെ ജയൻ, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.
റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ഈ ചിത്രത്തില്‍ നടന്‍ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.