
അന്‍വറിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടിലിഴഞ്ഞെന്ന് സി കൃഷ്ണകുമാര്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് നന്ദി പ്രകടനം. അതേസമയം, ഡി.എം.കെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടിലിഴഞ്ഞുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു.
അന്‍വറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചേലക്കരയില്‍ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ചേലക്കരയിലും അന്‍വര്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
അന്‍വര്‍ യുഡിഎഫിന് നല്‍കിയ പിന്തുണ പ്രതീക്ഷിച്ചതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. അന്‍വറിന്റേത് വില പേശല്‍ തന്ത്രം മാത്രമെന്നും ഡിഎംകെയ്ക്ക് ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അധപതനമാണ് പാലക്കാടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ ഉപാധിയില്ലാതെ പിന്തുണക്കുമെന്നും നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല ഈ തീരുമാനമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനല്‍ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹം. അതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നത്. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നു – അദ്ദേഹം പ്രതികരിച്ചു.
അതേസമയം, പാലക്കാട്ടെ കോണ്‍ഗ്രസിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയിലെ 50 ശതമാനം പേര്‍ പിന്തുണക്കുന്നില്ല. എല്‍ഡിഎഫിലേക്ക് വന്ന പി. സരിനും വോട്ട് ലഭിക്കില്ല. സരിന് കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിച്ചവര്‍ക്ക് മറുപടി കൊടുക്കുകയാണ് സരിനെ സ്ഥാനാര്‍ഥിയാക്കിയവരുടെ ലക്ഷ്യം. അതിന് രാഹുലിനെ തോല്‍പ്പിക്കണം. അവരുടെ വോട്ട് രാഹുലിനെ തോല്‍പ്പിക്കാന്‍ വേണ്ടി ബിജെപിയിലേക്ക് പോകും – അന്‍വര്‍ പറഞ്ഞു.