December 13, 2024

കവചം, കാവല്‍ – കേരള പോലീസിന്‍റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

Share Now

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി  കേരള പോലീസ് തയ്യാറാക്കിയ കവചം, കാവല്‍ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വ്വഹിച്ചു. പോലീസ് ആസ്ഥാനത്ത് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി നാഗരാജു ചക്കിലം എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ലഘുചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്‍മാരും പങ്കെടുത്തു.

അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയ്യാറാക്കിയത്. കേരള പോലീസിന്‍റെയും നിര്‍ഭയ വോളന്‍റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.  

എറണാകുളം മെട്രോ പോലീസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ. പി. ഡോങ്ക്രെയുടേതാണ് ഇവയുടെ ആശയം. എ.ഡി.ജി.പിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഐ.ജി നാഗരാജു ചിത്രങ്ങളുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ചു. സുഗുണന്‍ ചൂര്‍ണ്ണിക്കര, ഡോ. മധു വാസുദേവ് എന്നിവര്‍ രചിച്ച് ഗോപിസുന്ദര്‍, റ്വിഥിക് ചന്ദ് എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങളാണ് ചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റ കലാജ്യോതി, ആതിര ജനകന്‍, അരുണ്‍ അശോക്, സായന്ത്.എസ്, ശ്യാം പ്രസാദ്, സയനോര എന്നിവരാണ് ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

കേരള പോലീസ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ എന്നിവയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജുകളില്‍ പ്രകാശനം ചെയ്ത ഈ ലഘുചിത്രങ്ങള്‍  പ്രശസ്ത സിനിമാ താരങ്ങളായ മമ്മൂട്ടി, നിമിഷ സജയന്‍ എന്നിവരുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജുകളിലും തത്സമയം പ്രകാശനം ചെയ്തു.

ശാരീരിക അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി കേരളാ പോലീസ് രൂപം നല്‍കിയ പദ്ധതിയാണ് വനിതാ സ്വയം പ്രതിരോധ പരിശീലനം. തികച്ചും സൗജന്യമായാണ് കേരളാ പോലീസ് സ്വയം പ്രതിരോധ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. സ്വയംപ്രതിരോധ തന്ത്രങ്ങളും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി ആപത്ഘട്ടങ്ങളില്‍ പതറാതെ സ്വയരക്ഷ ഉറപ്പുവരുത്താന്‍ കേരള പോലീസ് ഇതിലൂടെ സ്ത്രീകളെ പ്രാപ്തരാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതിർന്ന മാധ്യമ പ്രവർത്തകൻ സോമനാഥ് അന്തരിച്ചു
Next post കുട്ടികൾക്കൊപ്പമുണ്ട് ഡി സേഫ് ഓൺലൈൻ ബോധവൽക്കരണ ക്ലാസ്.