March 22, 2025

വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍

Share Now

വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ്.

നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു.

Previous post ‘ജനങ്ങൾ ആശങ്കയിൽ, സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം’; സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
Next post ‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ