കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍
കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വെളുത്ത ഖദര്‍ വസ്‌ത്രത്തില്‍ കറുത്ത അടയാളങ്ങള്‍ വീഴ്‌ത്താത്ത സംശുദ്ധ രാഷ്‌ട്രീയത്തിന്റെ വക്താവാണ് തലേക്കുന്നില്‍ ബഷീര്‍. ഇനിയൊരു പുസ്‌തകംകൂടി എഴുതണമെന്ന ആഗ്രഹം ബാക്കിവച്ചാണ് അദ്ദേഹം മടങ്ങിയത്. പൊതുജീവിതവും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയവും വരുത്തിവച്ച കടബാദ്ധ്യതകള്‍ തീര്‍ക്കുവാന്‍ ഉണ്ടായിരുന്ന വസ്‌തുവകകള്‍ വിറ്റുതീര്‍ത്ത ആദര്‍ശരാഷ്‌ട്രീയത്തിന്റെ വക്താവാണ് അദ്ദേഹമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച തലേക്കുന്നില്‍ ബഷീര്‍ അനുസ്‌മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലേക്കുന്നിലിന്റെ ത്യാഗപൂര്‍ണ്ണമായ രാഷ്‌ട്രീയ ജീവിതത്തെക്കുറിച്ച് പറഞ്ഞു. എ.കെ.ആന്റണിക്കുവേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ച തലേക്കുന്നിലിന്റെ തീരുമാനം അത്യപൂര്‍വ്വവും അനന്യവുമാണ്. സംശുദ്ധതയും കുലീനതയും ത്യാഗസന്നദ്ധതയും ഒത്തുചേര്‍ന്ന വ്യക്തിത്വമാണ് ബഷീര്‍. കോണ്‍ഗ്രസ്സിലെ എഴുത്തുകാരനായിരുന്ന ബഷീറിന്റെ വിടവാങ്ങല്‍, പ്രസ്ഥാനത്തിന് കനത്ത നഷ്‌ടമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സാഹിത്യശില്‌പശാലയില്‍ സിനിമയും വിഷയമാക്കണമെന്ന ആവശ്യവുമായി അറുപതുകളുടെ അവസാനം കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായ തലേക്കുന്നിലിനെ ചെന്നുകണ്ടത് ഓര്‍മ്മിച്ച അടൂര്‍ ഗോപാലകൃണന്‍ താന്‍ ഉന്നയിച്ച സിനിമാ സംബന്ധിയായ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കുകയു അത് അംഗീകരിക്കുകയും ചെയ്‌ത കാര്യം ഓര്‍ത്തെടുത്തു. അന്നത്തെ തങ്ങളുടെ കൂടിക്കാഴ്‌ചയെത്തുടര്‍ന്നാണ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ സിനിമയും ഒരു വിഷയമായി മാറിയത്. ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു തലേക്കുന്നില്‍ എന്നും അടൂര്‍ പറഞ്ഞു.
എം.വിജയകുമാര്‍, സി.പി.ജോണ്‍, ചെറിയാന്‍ ഫിലിപ്പ്, ജോര്‍ജ്ജ് ഓണക്കൂര്‍, എം.എസ്.കുമാര്‍, നീലലോഹിതദാസ്, ബീമാപള്ളി റഷീദ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.ശക്തന്‍, കെ.പി.ശ്രീകുമാര്‍, കെ.മോഹന്‍കുമാര്‍, റ്റി.ശരത്‌ചന്ദ്രപ്രസാദ്, എന്‍.പീതാംബരകുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍, എം.വിന്‍സന്റ് എം.എല്‍.എ, വി.പ്രതാപചന്ദ്രന്‍, ജി.എസ്.ബാബു, ജി.സുബോധന്‍, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, കെ.എസ്.ശബരീനാഥന്‍, ആര്‍. സെല്‍വരാജ്, പി.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.