November 13, 2024

ഒറ്റി വാങ്ങിയ വീട് ഇപ്പോൾ ജപ്തി ഭീഷണിയിൽ: വയോധിക പെരുവഴിയിൽ ആകും

Share Now

ബാങ്ക് വായ്പയെടുക്കാൻ ഈടു നൽകിയ വീടും പറമ്പും ഒറ്റിക്ക് നൽകി കബളിപ്പിച്ച് വീട്ടുടമ മുങ്ങിയതോടെ അരക്ഷിതാവസ്ഥയിൽ ആയി വയോധികയും കുടുംബവും. തിരുവനന്തപുരം മലയിൻകീഴ് വിളവൂര്‍ക്കലിൽ കോളച്ചിറ അബ്ദുൾകലാം റോഡിൽ ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന രമയും മകനുമാണ് ഇപ്പൊൾ പെരുവഴിയിൽ ആകുന്ന സാഹചര്യത്തിൽ എത്തിയത് .വീട്ടുടമ മലയിൻകീഴ് സ്വദേശി വിനോദിന്‍റെ വീടും പറമ്പും അടുത്തമാസം 13ന് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്.

2018ലാണ് ആറ്റുകാൽ സ്വദേശിയായ രമ അവിടുത്തെ വീടും പറമ്പും വിറ്റ് പെൺമക്കളേയും കെട്ടിച്ച് ബാക്കിയുണ്ടായിരുന്ന 4 ലക്ഷം രൂപാ കൊടുത്ത് വിളവൂര്‍ക്കലിൽ വീട് വിനോദിൽ നിന്നും ഒറ്റിയ്ക്കെടുത്തത്. 4 വര്‍ഷത്തേക്കായിരുന്നു കരാര്‍.പ്രമാണത്തിൻ്റെ പകർപ്പ് ആണ് എന്ന് വിനോദ് നൽകിയത്. എന്നാൽ താമസം മാറി ആറുമാസത്തിനുള്ളിൽ ജപ്തിക്കായി ബാങ്ക് ജീവനക്കാര്‍ എത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം രമ മനസിലാക്കിയത്.

ക്യാൻസർ ബാധിതനായ ഭർത്താവിൻ്റെ അവസ്ഥയും തൻ്റെ ദുരവസ്ഥയും ഉദ്യോഗസ്ഥരെ ധരിപ്പിച്ചതോടെ ഇവർ സാവകാശം നൽകി. രമയുടെ പരാതിയിൽ വീട്ടുടമ വിനോദ് അറസ്റ്റിലായി ജയിലിൽ കിടന്നെങ്കിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഇയാള് ഒളിവിൽ പോയി.

18 ലക്ഷം രൂപയാണ് ആധാരം ഈടായി നൽകി വിനോദ് ബാങ്ക് വായ്പയെടുത്തത്. അതിപ്പോൾ പലിശയും സഹിതം 23 ലക്ഷമായെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞതായി രമ പറയുന്നു. ക്യാൻസര്‍ രോഗിയായ ഭര്‍ത്താവ് ചികിത്സയിലുണ്ടായിരുന്നപ്പോൾ ബാങ്കുകാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയും കാലം താമസിക്കാൻ അനുമതി നൽകിയത്. ഭർത്താവ് മരിച്ചതോടെ ഇനി അതുണ്ടാകില്ലെന്നാണ് ബാങ്കിന്‍റെ അറിയിപ്പും ലഭിച്ചു. ഒറ്റി ആധാര കരാര്‍ പ്രകാരം വീടൊഴിയുമ്പോൾ തിരിച്ച് കിട്ടേണ്ട 4 ലക്ഷം രൂപ കിട്ടില്ല എന്നായതോടെ ഇനി എങ്ങോട്ടെന്ന ചോദ്യമാണ് രമയുടെ മുന്നിൽ ഉള്ളത് .

മുൻപ് കബളിപ്പിക്കൽ മനസ്സിലാക്കിയ രമ ആത്മഹത്യക്ക് ശ്രമിച്ചു.ഇതോടെ നാട്ടുകാർ ഉൾപ്പടെ ഇവർക്ക് സഹായ ഹസ്തം നീട്ടിയിരുന്നു.അപകടത്തിൽ പരിക്കേറ്റ രമയുടെ മകൻ ഇടയ്ക്കിടെ ഡ്രൈവിംഗ് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ജീവിതം ഇപ്പൊൾ മുന്നോട്ടു പോകുന്നത്.ബാങ്ക് ജബ്തി വന്നാൽ ഇവർക്ക് അന്തിയുറങ്ങാൻ ഇടമില്ല എന്ന സ്ഥിതിയാണ്.മുഖ്യമന്ത്രിക്ക്,എം എൽ എ ഉൾപെടെയുള്ളവർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഒരു നടപ്പടിയും ആയില്ല.ഇവർക്ക് സഹായം ഒരുക്കാൻ സുമനസ്സുകൾക്ക് കഴിയും എന്ന വിശ്വാസം മാത്രമാണ് കരുത്തായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്റ്റിസ്പ്ലെൻഡോറെ 2023; മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വാർഷികം
Next post <em>കാവ് ശ്രീ പുരസ്കാരം നടന്‍ ഇന്ദ്രന്‍സിന്</em>