പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി
കാട്ടാക്കട : പൂവച്ചല്‍ പഞ്ചായത്തിലെ ഇടതു ഭരണസമിതി പ്രസിഡന്‍റിനെതിരെ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസും സ്വതന്ത്രഅംഗവും ഉള്‍പ്പെടെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. സനല്‍കുമാറിനെ തിരെയാണ് ഇന്നലെ വെള്ളനാട് ബിഡിഒ യ്ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കേവല ഭൂരിപക്ഷമില്ലാത്ത പ്രസിഡന്‍റിനെ തിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.23 അംഗ പഞ്ചായത്തിൽ സി.പി.എം-6 ,സി.പി.ഐ 3- കോണ്‍ഗ്രസ് -7, ബി.ജെ.പി-6 സ്വതന്ത്ര-1 എന്നിങ്ങനെയാണ് കക്ഷിനില ഇതില്‍ കോണ്‍ഗ്രസിലെ അനൂപ് കുമാര്‍ ,കട്ടയ്ക്കോട് തങ്കച്ചന്‍ , സൗമ്യ ജോസ് , അഭിലാഷ് , ബോബി അലോഷ്യസ് , ലിജു സാമുവേല്‍ , അഡ്വ.രാഘവലാല്‍ , സ്വതന്ത്ര അംഗം വത്സല എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടുള്ളത് പഞ്ചായത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ഭരണസമിതി നിര്‍ജ്ജീവമെന്നുമുള്ള പരാതിരൂക്ഷമാകുന്നതിനിടെയാണ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസവുമായി എത്തിയത്.
.9 അംഗങ്ങളുള്ള ഇടതുമുന്നണിയാണ് പഞ്ചായത്തില്‍ ഭരണം കയ്യാളുന്നത്.പ്രസിഡന്‍റ് -വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി-കോണ്‍ഗ്രസ് പ്രത്യേകം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോഴാണ് ഇടതിന് ഭരണം ലഭിച്ചത്. പഞ്ചായത്തിലെ ഭരണസ്തംഭനവും ഉദ്യോഗസ്ഥ ഭരണവും മുതലെടുക്കാനാണ് കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ ശ്രമിക്കുന്നത്. . ഇടതു.ഭരണം ഇനിയും തുടരാൻ അനുവദിച്ചാൽ പൂവച്ചല്‍ പഞ്ചായത്തില്‍ കോൺഗ്രസ് ജനങ്ങളുടെ ഇടയിൽ ഒറ്റപ്പെടുമെന്നാണ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.പഞ്ചായത്ത് ഭരണത്തിനെതിരെ കോൺഗ്രസ് ഇതുവരെ ശബ്ദമുയർത്താതിരുന്നത് അണികൾക്കിടയിലും അഭിപ്രയ ഭിന്നത ഉടലെടുത്തിട്ടുണ്ട്. പഞ്ചായത്ത് ഭരണത്തിലേറി ഒരു വർഷം പൂർത്തിയാകുന്നതോടെ വിജയത്തിലേറിയവരെ താഴെ ഇറക്കുന്നതിനുള്ള ശ്രമങ്ങൾകോണ്‍ഗ്രസ്- ബി.ജെ.പി മുന്നണികളിൽ സജീവമായിട്ടുണ്ട്. കോണ്‍ഗ്രസിലെ അംഗങ്ങളില്‍ വിള്ളലുണ്ടാക്കിയും ചില അംഗങ്ങളെ അവിശ്വാസ പ്രമേയത്തിന്‍റെ നോട്ടീസില്‍ ഒപ്പിട്ട് നല്‍കാതിരിക്കുന്നതിനു ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് നടക്കുന്നത് .ഇതിനായി നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പഞ്ചായത്തില്‍ ചില ഉദ്യോഗസ്ഥരും-കരാറുകാരും ചേര്‍ന്നാണ് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.ഭരണകക്ഷി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പോലും കേള്‍ക്കാതെ യാണ് പലേടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയതെന്നും ആക്ഷേപമുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമസഭകളെ പോലും അട്ടിമറിച്ച് ഉദ്യോഗസ്ഥ ഭരണം നടക്കുന്നതായി പരാതിയുണ്ട്.പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ വട്ടം ചുറ്റിക്കുന്ന ലോബിയും സജീവമാണ്. പഞ്ചായത്തില്‍ ലഭിക്കുന്ന നിരവധി അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടികിടക്കുകയാണ്.വാര്‍ഡ് സമിതി-ഗ്രാമസമിതി എന്നിവരെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരാണ് വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്നും പരാതിയുണ്ട്.ഇതില്‍ വ്യാപക ക്രമക്കേടുണ്ടെന്നും പരാതിയുണ്ട്