സഞ്ചാരികളെ ആകർഷിക്കാൻ നെയ്യാർഡാം ഇക്കോ ടൂറിസം
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാം ഇക്കോ ടൂറിസം സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജമാക്കുന്നത്.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിൽ തുറന്നുനൽകുന്നത്. ഇവിടെ താമസവും ഭക്ഷണ സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. കൊമ്പൈയിൽ 15 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററി സൗകര്യവും മറ്റിടങ്ങളിൽ പത്തുപേർക്ക് വീതം താമസിക്കാവുന്ന തരത്തിലുള്ള കോട്ടേജുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ആനനിരത്തി, ഭൂതക എന്നീ സ്ഥലങ്ങളിലുള്ള കോട്ടേജുകളും സഞ്ചാരികൾക്കായി തുറന്നുനൽകും. ഇവിടെ പത്തുപേർക്ക് വീതമാണ് താസമസൗകര്യമുള്ളത്. നവീകരിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ഈ മാസം 17ന് വനംവകുപ്പ് മന്ത്രി നിർവഹിക്കും. ഇതിന് മുന്നോടിയായി എം.എൽ.എമാരായ സി.കെ. ഹരീന്ദ്രനും അഡ്വ.ജി. സ്റ്റീഫനും വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഡാമും പദ്ധതി പ്രദേശങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
ഒരാൾക്ക് 2250 രൂപയാണ് ഈടാക്കുന്നത്. താമസം, ഭക്ഷണം, ബോട്ടിംഗ്, ട്രക്കിംഗ്,പക്ഷി നിരീക്ഷണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 3ന് എത്തിയാൽ പിറ്റേന്ന് വൈകിട്ട് മൂന്നുമണിക്ക് തിരിച്ചുപോകുന്ന വിധത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ എന്നിവിടങ്ങളിലായി ഒരു സമയം 30പേർക്ക് താമസിക്കാം.പാക്കേജുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നെയ്യാർഡാമിലെ വനം വകുപ്പ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് ലഭിക്കും. സന്ദർശക പാക്കേജ്, ട്രക്കിംഗ്,പാക്കേജ്, പ്രൊട്ടക്‌ഷൻ ഓറിയന്റഡ് പാക്കേജ് എന്നിങ്ങനെയുള്ള വൈവിദ്ധ്യങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് പ്രവർത്തനസമയം.തിങ്കളാഴ്ച അവധിയായിരിക്കും. മറ്റു വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും ഫോൺ: 0471-2360762, 8547602970.
വൈവിദ്ധ്യമായ ഭൂപ്രകൃതിയാണ് നെയ്യാറിന്റെ നയനമനോഹരമാക്കുന്നത് . അഗസ്ത്യ മലനിരകളുടെ താഴ്വരയിൽ സുന്ദരിയായ നെയ്യാറിനെ ചുറ്റി നാട്ടുകാഴ്ചകളും കാനന കാഴ്ചകളും ഏറെയാണ്. ഈ ഭംഗി ആസ്വദിക്കാനും കാടിനെ അടുത്തറിയാനുമായി നിരവധി സഞ്ചാരികളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നത്. അണക്കെട്ടു കൂടാതെ , പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, മാൻ പാർക്ക്, അക്വേറിയം,ജലാശയം, എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്ന് ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്.പേരുകേട്ട ലയൺ സഫാരി പാർക്കിൽ സിംഹങ്ങൾ ഇല്ലാത്തത് മാത്രമാണ് സഞ്ചാരികളെ നിരാശരാക്കുന്നത്.