കാട്ടാക്കട നിയോജക മണ്ഡലം: മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങൾ.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി മാറി. ഒരു കോടി രൂപ ചിലവഴിച്ച് റസ്സൽപുരം ഗവ:യു .പി സ്കൂളിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും, 75 ലക്ഷം രൂപ ചിലവഴിച്ച് ചെമ്പനാകോട് ഗവ:എൽ.പി സ്കൂളിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും ഒരു കോടി രൂപ ചിലവഴിച്ച് കുളത്തുമ്മൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിനായി നിർമ്മിച്ച ലാബ് ആൻഡ് ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ നടന്ന 53 സ്കൂളുകളുടെ പൂർത്തികരണ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്കൂൾതല ഉദ്ഘാടനം കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് നിർവ്വഹിച്ചു.ഭൗതിക സാഹചര്യങ്ങളുടെ അഭാവത്താൽ ഏറെനാളായി വീർപ്പുമുട്ടിയിരുന്ന പ്രസ്തുത സ്കൂളുകൾക്ക് പുതിയ ഹൈടെക് കെട്ടിടങ്ങൾ ലഭ്യമായത് ഇവിടുത്തെ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമാകും. റസ്സൽപുരം ഗവൺമെൻറ് യു.പി സ്കൂളിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മാസ്റ്റർ ഗീത ടീച്ചർ സ്വാഗതമാശംസിച്ചു.
കുളത്തുമ്മൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശശികല.എ.ഐ സ്വാഗതമാശംസിച്ചു. ചെമ്പനാകോട് ഗവ.എൽ.പി സ്കൂളിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു.മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗ്ഗീസ്, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ കക്ഷി – രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.