December 9, 2024

നെടുമങ്ങാട് ഇനി സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലം

Share Now

നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഈ പദവി കൈവരിച്ചതുവഴി നെടുമങ്ങാട് മണ്ഡലം സംസ്ഥാനത്തിനു മാതൃകയായിരിക്കുകയാണെന്നു പ്രഖ്യാപനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഒരു വിദ്യാർഥി പോലും മണ്ഡലത്തിലുണ്ടാകരുത് എന്ന ലക്ഷ്യം കൈവരിച്ചാണ് നെടുമങ്ങാട് സമ്പൂർണ ഡിജിറ്റലൈസേഷൻ എന്ന നേട്ടം സ്വന്തമാക്കിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന വിദ്യാർഥികൾക്ക് അവ ലഭ്യമാക്കുന്നതിനു സമൂഹം മുഴുവൻ ഒറ്റക്കെട്ടായിനിന്നു പ്രവർത്തിച്ചത് ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലൂടെ മണ്ഡലം നേടിയത് അഭിമാനകരമായ നേട്ടമാണെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം പുരോഗമിക്കുന്ന കാലഘട്ടത്തിൽ കുട്ടികൾ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ മണ്ഡലത്തിൽ ഒരു ടീം രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ ഒരു വീട് ഒരു യൂണിറ്റ് എന്ന കാഴ്ചപ്പാടിലാണ് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഓൺലൈൻ പഠനോപകരണങ്ങളില്ലാതിരുന്ന മണ്ഡലത്തിലെ 1,980 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടിവി എന്നിവ എത്തിച്ചു നൽകാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവരുടെ ആശംസയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീല കുമാരി, അഡ്വക്കേറ്റ് കെ. ശ്രീകാന്ത്, കെ. വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. കോമളം, വി. അമ്പിളി, പി. നന്ദു, ആറ്റിങ്ങൽ ഡി.ഇ.ഒ. ജെ സിന്ധു, തിരുവനന്തപുരം ഡി.ഇ.ഒ. കെ. സിയാദ്, പിടിഎ പ്രസിഡന്റ് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും – മുഖ്യമന്ത്രി
Next post ഡി വൈ എഫ് ഐ.പ്രവർത്തകനു നേരെ ബോംബേറ്.കഞ്ചാവ് മാഫിയ സംഘം എന്നു നിഗമനം.