ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ് .നവീകരിച്ച കാട്ടാക്കട ആമച്ചൽ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡ് നാടിനു സമർപ്പിച്ചു .കാട്ടാക്കട ഠൗൺ വികസനം കല്ലിട്ടു.
കാട്ടാക്കട: ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടന്ന പദ്ധതിയാണ് ദേശീയപാത വികസനം. 1078.22 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുത്തത്. 51,780 പേർക്ക് നഷ്ടപരിഹാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. നവീകരിച്ച കാട്ടാക്കട ആമച്ചൽ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിന്റെയും കാട്ടാക്കട ഠൗൺ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അതിർത്തി കല്ലിടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 3.50 കോടി രൂപ ചെലവഴിച്ചാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആമച്ചൽ ചായ്ക്കുളം മൈലോട്ടുമുഴി റോഡ് ആധുനീകരീതിയിൽ നവീകരിച്ച് നിർമ്മാണം പൂർത്തീകരിച്ചത്.100 കോടിയുടെ ബജറ്റാണ് കാട്ടാക്കട ഠൗൺ വികസനത്തിനായി വകയിരിത്തിയിട്ടുള്ളത്. മൂന്ന് ഘട്ടമായാണ് കാട്ടാക്കട ടൗൺ വികസനം നടപ്പിലാക്കുക.ഇതിന്റെ ഭാഗമായി റിങ് റോഡുകൾ പണി പുരോഗമിക്കുന്നുണ്ട്.
ഗതാഗത കുരുക്കിനാൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന കാട്ടാക്കട ജംഗ്ഷന്റെ വികസനം പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. തുടർന്ന് ഐ.ബി.സതീഷ് എം.എൽ.എയുടെ ശ്രമഫലമായി 2020 – 2021 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും കാട്ടാക്കട ഠൗൺ വികസനത്തിനായി 100 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. അതിർത്തികല്ലിടലിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിക്കര എം.എൽ.എ വിശിഷ്ടാതിഥിയായി. പൊതു മരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയർ സുധ എസ് സ്വാഗതമാശംസിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്.ലതകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് ചെയർമാൻ എസ്.വിജയകുമാർ, ക്ഷേമ കാര്യ ചെയർപേഴ്സൺ റാണി ചന്ദ്രിക, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം സുനിത വി.ജെ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ആർ.ജ്യോതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. 2020 ൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും പ്രദേശത്തെ വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്ന് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കോസ്റ്റ് ഫോർഡ്, സി എ റ്റി കോളേജ് എന്നിവരുടെ നേതൃത്വത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഠൗൺ വികസനം നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ആദ്യ ഘട്ടമായി പ്രധാന റോഡിന്റെയും അനുബന്ധ നാല് റിംഗ് റോഡുകളുടെയും വികസനത്തിന് വേണ്ടി 41.46 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാവുകയും സ്ഥലമേറ്റെടുക്കുന്നതിന് കല്ലുകൾ സ്ഥാപിക്കുന്നതിന് 16.30 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭ്യമായി. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഠൗൺ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തി കല്ലിടൽ ആരംഭിച്ചത്. എത്രയും വേഗം അതിർത്തി കല്ലുകൾ സ്ഥാപിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കാട്ടാക്കട ഠൗൺ വികസനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.