March 22, 2025

ഒയാസിസ് പ്ലാന്റിന് അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്; ബ്രൂവറി നിർമാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു

Share Now

എലപ്പുളളിയിൽ ബ്രൂവറിക്ക് പ്രാഥമിക അനുമതി നൽകിയ യോ​ഗത്തിന്റെ മിനുറ്റ്സ് പുറത്ത്. ബ്രൂവറി നിർമാണത്തിന് ഒയാസിസ് പ്ലാൻ്റിന് പ്രാഥമിക അനുമതി നൽകിയ യോഗത്തിൻ്റെ മിനുട്സാണ് പുറത്തുവന്നത്. ഒയാസിസിന്റെ മാനുഫാക്ച്ചറിങ് യൂണിറ്റ് നടത്താൻ പോകുന്ന പദ്ധതിയുടെ പൂർണരൂപം മിനുറ്റ്സിൽ വ്യക്തമാക്കിയിട്ടുണ്ട്. എഥനോൾ, ഇഎൻഎ, ഐഎംഎഫ് ബോട്ട്ലിങ് യൂണിറ്റ്, ബ്രൂവറി, മൾട്ട യൂണിറ്റ് എന്നിവ ആരംഭിക്കുമെന്ന് മിനുറ്റ്സിൽ പറയുന്നു. ഭൂമിതരം മാറ്റി നൽകാൻ ആർഡിഡിക്ക് നിർദേശം നൽകിയതായും മിനുറ്റ്സിൽ പറഞ്ഞിട്ടുണ്ട്.

ബ്രൂവറി നിർമാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം കളളമാണെന്ന് തെളിയിക്കുന്നതാണ് ഈ മിനുറ്റ്സ്. പഞ്ചായാത്ത് സെക്രട്ടറി ഓൺലൈൻ യോ​ഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് മിനുറ്റ്സിൽ പറയുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ കെഎസ്ഐഡിസി ക്ഷണിച്ച കത്തും പുറത്തുവന്നിട്ടുണ്ട്. എന്നാൽ താൻ യോ​ഗത്തിൽ പങ്കെടുത്തില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് പകരം അസിസ്റ്റന്റ് സെക്രട്ടറിയാണ് യോ​ഗത്തിൽ പങ്കെടുത്തതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

2024 ഫെബ്രുവരി 22ന് തനിക്ക് കെഎസ്ഐഡിസിയിൽ നിന്ന് കത്ത് ലഭിച്ചിരുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ യോ​ഗം വിളിച്ചുചേർത്ത ദിവസം താൻ അവധിയിലായിരുന്നു. തനിക്ക് പകരം യോഗത്തിൽ പങ്കെടുത്തത് അസിസ്റ്റൻ്റ് സെക്രട്ട്രിയാണ്. അവധി വിവരം കെഎസ്ഐഡിസി അധികൃതരെ അറിയിച്ചിരുന്നു. ബ്രൂവറി, ഡിസ്റ്റിലറി എന്നിവ കത്തിൽ ഉണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് സെക്രട്ടറി കൂട്ടിച്ചേർത്തു.

ലിജു ജോൺ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഇമെയിൽ ലഭിച്ചതെന്നും സെക്രട്ടറി പറഞ്ഞു. കെഎസ്ഐഡിസിയുടെ ഒഫീഷ്യൽ മെയിലിൽ നിന്നല്ല തനിക്ക് കത്ത് ലഭിച്ചത്. യോഗ വിവരം മാത്രമാണ് കത്തിൽ ഉണ്ടായിരുന്നത്. പഞ്ചായത്തിൻ്റെ നടപടികൾ ആവശ്യമില്ലാത്തതുകൊണ്ടാണ് ഭരണസമിതിയെ അറിയിക്കാതിരുന്നതെന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ
Next post ‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ