ആമച്ചൽ ഏലായെ കതിരണിയിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ22 ഹെക്ടറിൽ കാർഷിക പുനരുജ്ജീവനം.
നെയ്യാറിൽ നിന്ന് വെള്ളമെത്തും.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ നെല്ലറയാവാൻ ആമച്ചൽ ഏലാ ഒരുങ്ങുന്നു. 22 ഹെക്ടർ വരുന്ന ആമച്ചൽ നാഞ്ചല്ലൂർ ഏലായിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. കാട്ടാക്കട മണ്ഡലത്തിലെ 100 ദിന കർമ്മ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആവശ്യമായ ജലം എത്തും. നെയ്യാറിൽ നിന്നുള്ള ജലം ലിഫ്റ്റ് ഇറിഗേഷൻ സാങ്കേതികത വഴി പായിതലക്കുളത്തിലെത്തിക്കുകയും കുളത്തിൽ നിന്ന് ആവശ്യാനുസരണം കർഷകർക്ക് പമ്പ് ചെയ്തും, നീർച്ചാൽ വഴിയും വിവിധ പാടശേഖരങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ സാധ്യമാക്കുന്നത്. ആമച്ചൽ ഏലായിലെ കൃഷിക്കായി കർഷകർ പായ്ത്തല കുളത്തെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ കുളത്തിലെ സ്വാഭാവിക നീരുറവ കുറയുകയും കൃഷിക്ക് ആവശ്യനുസരണം വെള്ളം ലഭിക്കാതെ വന്ന സാഹചര്യത്തിൽ നാഞ്ചല്ലൂർ ഏലായിൽ നെൽകൃഷി അസാധ്യമായി. ഇതിന് പരിഹാരം കാണുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജലസമൃദ്ധി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ കർഷകരും പഞ്ചായത്ത് അധികാരികളും യോഗം ചേരുകയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തയ്യാറാക്കുന്നതിന് ജലസേചന വകുപ്പിനോട് ആവശ്യപ്പെടുകയുമുണ്ടായി.
ഇതിന്റെയടിസ്ഥാനത്തിൽ ജലസേചന വകുപ്പ് 94 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. നെയ്യാറിൽ നിന്നുള്ള ജലം 50 എച്ച്.പി പമ്പ് സ്ഥാപിച്ച് പായ്ത്തല കുളത്തിലേക്ക് 1650 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് പമ്പ് ചെയ്യുന്നതിനും, ക്രോസ് ബാറുകൾ, പമ്പ് ഹൗസ്, വൈദ്യുത സംവിധാനങ്ങൾ, കുളത്തിൽ നിന്നും പാടശേഖരങ്ങളിലേക്കുള്ള ജല വിതരണത്തിന് വേണ്ടി 10 എച്ച്.പി പമ്പ് സ്ഥാപിക്കുന്നതിനുമാണ് 94 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കപ്പെട്ടത്. ഇതനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.
ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അനിൽകുമാർ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി. മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർ കെ.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതകുമാരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, കാട്ടാക്കട കൃഷി ഓഫീസർ ബീന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. പദ്ധതി പ്രവർത്തനസജ്ജമായതോടു കൂടി 22 ഹെക്ടർ വിസ്തീർണമുള്ള ആമച്ചൽ ഏലായെ നെല്ല്, പച്ചക്കറി, വാഴ, മരച്ചീനി, തീറ്റപുല്ല്, വിവിധ കിഴങ്ങുവർഗങ്ങൾ എന്നിവയുൾപ്പടെ കാട്ടാക്കട മണ്ഡലത്തിന്റെ കാർഷിക സ്വയം പര്യാപ്തതയ്ക്ക് ഉതകുന്ന മാതൃകാ പാടശേഖരമാക്കി മാറ്റുകയെന്ന ലക്ഷ്യം സാധ്യമാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.