തൊഴിൽ തർക്കം വാഹനങ്ങൾ തടഞ്ഞു വീണ്ടും പ്രതിഷേധം ഡ്രൈവറെ മർദിച്ചതായി ഉടമ പോലീസിൽ പരാതി നൽകി
കാട്ടാക്കട:
കാട്ടാക്കട പൊന്നറയിൽ പുതുതായി ആരംഭിച്ച എസ് കെ ട്രേഡേഴ്സിൽ തൊഴിൽ നിഷേധം എന്നാരോപിച്ചാണ് കഴിഞ്ഞ ആറു ദിവസമായി സ്ഥാപനത്തിന് മുന്നിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കുടിൽകെട്ടി പട്ടിണി സമരം.സമാധാനപരമായിരുന്നു സമരം കഴിഞ്ഞ ദിവസം വാഹനം തടയലിലും പോലീസ് അറെസ്റ്റിലേക്കും നീങ്ങിയിരുന്നു, തുടർന്ന് ശനിയാഴ്ച വീണ്ടും സ്ഥാപനത്തിൽ നിന്നും ലോഡുമായി ഇറങ്ങിയ വാഹനത്തെ തടയുകയും ഡ്രൈവറെ സമരാനുകൂലികൾ മർദിച്ചു എന്നുമാണ് കാട്ടാകട പോലീസിൽ ഉടമ സുദർശനൻ പരാതി നൽകിയിരിക്കുന്നത്.കോടതി പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും ഇത് ലംഘിക്കുകയാണ് ചെയ്യുന്നത് എന്നും അനാവശ്യ സമരം നടത്തി കച്ചവടം നടത്താൻ അനുവദിക്കുന്നില്ല എന്നും ഇതിൽ നിന്നും സുരക്ഷാ ഒരുക്കി കുറ്റക്കാരെ പിടികൂടണമെന്നുമാണ് പരാതിയിലുള്ളത്.
സ്ഥാപനത്തിന് ആവശ്യമായ തൊഴിലാളികൾക്ക് ലേബർ വകുപ്പിൽ നിന്ന് കാർഡ് എടുക്കുകയും ഇതനുസരിച്ചു തൊഴിലാളികൾ ജോലി ചെയ്യുകയുമായിരുന്നു എന്നും എന്നാൽ തങ്ങൾക്കാണ് കയറ്റിറക്ക് ജോലിക്ക് അവകാശം എന്ന് വാദിച്ചു സംയുക്ത തൊഴിലാളി യൂണിയൻ രംഗത്തെത്തുകയും ചെയ്തു .ആദ്യ ചർച്ചയിൽ പത്തു തൊഴിലാളികൾക്കു ആയിരത്തി അഞ്ഞൂറ് രൂപ വച്ച് കൂലി നൽകി തൊഴിൽ ചെയ്യാം എന്നും ഉടമ പറഞ്ഞു എന്നാൽ തൊഴിലാളികളെ വിലക്കെടുക്കാൻ ആകില്ല എന്ന നിലപാട് സ്വീകരിച്ചു യൂണിയൻ നേതാക്കൾ ഈ ഡിമാൻഡ് നിരാകരിക്കുകയും കയറ്റിറക്ക് , നീക്കി വയ്പ്പ് ,അട്ടി കൂലി എന്നിങ്ങനെ ആവശ്യപ്പെടുകയും ചെയ്തു. ഉടമ ഇത് നിഷേധിച്ചതോടെയാണ് സമരം ആരംഭിച്ചത്. ജോലിചെയ്യാതെ കൂലി നല്കാനാകില്ല എന്നും നിയമാനുസൃതമായി കാര്യങ്ങൾ നടത്താം എന്ന നിലപാടിൽ ഉറച്ചാണ് ഉടമ.