
കാട്ടാക്കടയിൽ റസ്റ്റ് ഹൗസ് യാഥാർഥ്യം ആകുന്നു
കാട്ടാക്കട:
സർക്കാർ റസ്റ്റ് ഹൗസ് കാട്ടാക്കടയിൽ വേണമെന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്.വെള്ളിയാഴ്ച വൈകിട്ട് നാലിന് കുളത്തോട്ടുമലയിൽ മന്ത്രി മുഹമ്മദ് റിയാസ് നിർമ്മാണോദഘാടനം നിർവ്വഹിക്കും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ്.എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കാട്ടാക്കട പഞ്ചായത്ത് കുളത്തോട്ടുമലയിൽ കൈമാറിയ 50സെന്റ് വസ്തുവിലാണ് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് നിർമ്മിക്കുന്നത്. 268.13 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ കാട്ടാക്കട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

രണ്ട് നിലകളിലായി കോളം ബീം എന്നിവ ഉപയോഗിച്ച് ഫ്രെയിമ്ഡ് സ്ട്രക്ച്വറിൽ പൂർത്തിയാക്കുന്ന റസ്റ്റ് ഹൗസിന് 7000സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉണ്ടാകും.ഒരു കോൺഫറൻസ് ഹാൾ,ഒരു വി.ഐ.പി റൂം,ആറ് ഡബിൾ ബഡ്റൂം എന്നിവയാണ് റസ്റ്റ് ഹൗസിൽ ഉണ്ടാകുന്നത്.ഒരുവർഷത്തിനുള്ളിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,വൈസ് പ്രസിഡന്റ് എസ്.ലതകുമാരി,ജില്ലാ പഞ്ചായത്ത്ഗ് വി.രാധിക,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.വിജയകുമാർ,ഒ.രാണിചന്ദ്രിക,ലാസ്സർ ജോസഫ്,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ.സുനിത,ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജയകുമാർ,കെ.ബിജുകുമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.ആർ.സുനിൽകുമാർ(സി.പി.എം),പുരുഷോത്തമൻ നായർ(കോൺഗ്രസ്),അഭിലാഷ് ആൽബർട്ട്(സി.പി.ഐ),എസ്.എൻ.രാജീവ്(ബി.ജെ.പി),പി.ഡബ്ലിയു.ഡി ചീഫ് എഞ്ചിനിയർ എൽ.ബീന,സൂപ്രണ്ടിംഗ് എഞ്ചിനിയർ എം.ജി.ലൈജു എന്നിവർ സംസാരിക്കും.