കണ്ടല ബാങ്കിൽ പ്രതിഷേധിച്ച് വയോധികർ.
കാട്ടാക്കട:
കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി. അന്തിയൂർക്കോണം ശ്രീലതികത്തിൽ സുരേന്ദ്രൻ നായർ, പേയാട് ദാമോദർ നിവാസിൽ സുരേന്ദ്രദാസ് എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരേന്ദ്രൻ നായരുടെ രണ്ടു അക്കൗണ്ട് സ്ഥിര നിക്ഷേപ കാലാവധി പൂർത്തിയായിരുന്നു.പത്തു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുളത്. ഇത് പിൻവലിക്കാൻ ആറുമാസമായി ഇദ്ദേഹം ബാങ്കിൽ കയറി ഇറങ്ങുന്നു.ഒടുവിൽ വ്യാഴാഴ്ച ഉച്ചയോടെ എത്തി പണം ലഭിക്കാതെ പോകില്ല എന്ന നിലപാട് സ്വീകരിച്ചു ബാങ്കിൽ കുത്തിയിരുന്നു.സുരേന്ദ്രൻ നായർ ചെറുമകൾക്ക് പഠന ആവശ്യത്തിനും വേണ്ടിയാണ് പ്രധാനമായി തൻ്റെ നിക്ഷേപ തുക ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയത്.
സുരേന്ദ്ര ദാസിൻ്റെ എട്ടര ലക്ഷം രൂപ കാലാവധി പൂർത്തിയായില്ല എങ്കിലും ചെറുമകൾക്ക് വേണ്ടി കോളേജ് പ്രവേശനത്തിനു തുക അടക്കാനായി ആണ് നിക്ഷേപം ആവശ്യപ്പെട്ട് കഴിഞ്ഞ ആറു മാസമായി ബാങ്കിൽ കയറി ഇറങ്ങുന്നത്.ഓംബുഡ്സ്മാൻ,മുഖ്യമന്ത്രി,സഹകരണ റെജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് സുരേന്ദ്ര ദാസ് പരാതി നൽകിയിട്ടുണ്ട്.
രണ്ട് നിക്ഷേപകരും വ്യാഴാഴ്ച ഉച്ചമുതൽ ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.രാത്രി ആറര മണിയോടെ പ്രതിഷേധം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ വയോധികർ ബാങ്കിന് പുറത്തിറങ്ങിയ തക്കത്തിന് ഇനി അവർ കാശ് തരട്ടെ എന്ന് വയോധികരോട് പറഞ്ഞു ബാങ്ക് പൂട്ടി മുങ്ങി ഇതിനിടെ മാധ്യമ പ്രവർത്തകരെ വയോധികാരാണ് വിളിച്ചറിയിച്ചത് എന്ന് ബാങ്ക് ജീവനക്കാർ ആരോപിച്ചു കൊണ്ട് നിക്ഷേപകർക്ക് നേരെ പണം വാങ്ങുന്നത് കാണാം എന്ന ആക്രോശവും നടത്തി.
തിങ്കളാഴ്‌ച്ച പണം ലഭിക്കാത്ത പക്ഷം ബാങ്കിൽ ആത്മഹത്യ ചെയ്യാനും മടിക്കില്ലെന്ന് ഇരുവരും അറിയിച്ചു. നിരവധി ആളുകൾ നിക്ഷേപം പിൻവലിക്കാൻ എത്തുമ്പോൾ പല തരത്തിൽ ഇവരെ അനുനയിപ്പിച്ച് മടക്കി അയക്കുകയാണ് ഇവിടെ.അതെ സമയം ബാങ്കിൻ്റെ പുതിയ ഭരണ സമിതി പ്രതിസന്ധി മറികടക്കാൻ റിക്കവറി നടപടികൾ ആരംഭിച്ചിരിക്കുകയാണ്.