കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.അടുത്ത 5 വര്‍ഷം കൊണ്ട് കാട്ടാക്കടയെ കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ നിയോജക മണ്ഡലം എന്ന നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനായുള്ള പരിശ്രമമാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സലിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരവും വികസനോന്മുഖവുമായ വ്യാവസായിക വളര്‍ച്ചയ്ക്കായി കാട്ടാക്കടയെ സജ്ജമാക്കുകയാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ (KIDC) പ്രധാന ഉദ്ദേശം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സംരംഭക സാധ്യതകള്‍ കണ്ടെത്തി അതിനനുസരിച്ച് വ്യവസായ വികസനം സാധ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുകയാണ് പ്രധാന ലക്ഷ്യം.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംരംഭകര്‍ക്കാവശ്യമായ പരിശീലനവും വിദഗ്ദോപദേശങ്ങളും നല്‍കി അവരെ സ്വയം സജ്ജരാക്കുക, അതിലൂടെ നാടിന്റെ വ്യാവസായിക പുരോഗതിക്ക് സഹായകരമാകുന്ന ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെ വ്യവസായത്തിന് സഹായകരമാകുന്ന സര്‍വതല സ്പര്‍ശിയായ ഒരു ഏജന്‍സിയായി കെ.ഐ.ഡി.സി പ്രവര്‍ത്തന രംഗത്തുണ്ടാകും. കെ.ഐ.ഡി.സിയുടെ ഘടനയും സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് തയ്യാറാകിയ പദ്ധതി രൂപരേഖ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്‌തു. അതോടൊപ്പം മാറനലൂര്‍ ഗ്രാമപഞ്ചായത്തിലെ 4 പേരടങ്ങുന്ന കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകള്‍ക്ക് സംയോജിത കൃഷിക്കായുള്ള കേരള ഗ്രാമീണ്‍ ബാങ്ക് വഴിയുള്ള വായ്പ്പാവിതരണവും, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – വ്യാവസായിക – വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ ഐ.ബി.സതീഷ് എം.എൽ.എ അദ്യക്ഷത വഹിച്ച യോഗത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക, സംഘാടക സമിതി ചെയർമാൻ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, നേമം ബി.ഡി.ഒ അജികുമാർ തുടങ്ങിയവർ പങ്കെടുത്തു