December 9, 2024

പോലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം

Share Now



കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഗൗരിനന്ദ. പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ നേടിയത്. അടുത്തതായി സിഎയ്ക്ക് പോകാനാണ് താല്‍പ്പര്യമെന്ന് ഗൗരിനന്ദ പറഞ്ഞു.

ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.


പൊലീസല്ലേ, പ്രശ്നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം. എന്നാല്‍ തന്നെ വിളിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തന്‍റെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി.


സംഭവത്തെ പറ്റി ഗൗരിനന്ദ പറയുന്നത് ഇങ്ങനെ- അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വരുകയായിരുന്നു ഞാന്‍. എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവില്‍ നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതര്‍ക്കം നടക്കുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ പൊലീസുകാര്‍ എന്നോട് പേരും മേല്‍വിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നല്‍കുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാന്‍ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ശബ്ദമുയര്‍ത്തി മറുപടി നല്‍കിയത്. നീ ഒരു ആണായിരുന്നെങ്കില്‍ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞതായാണ് ഗൗരി നന്ദ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാർ.
Next post പ്ലസ്സ് ടൂ കുളത്തുമ്മൽ സ്‌കൂളിലെ ഒന്നാം സ്ഥാനം ഫർസാന ഫിർദൗസിനു