December 13, 2024

ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരം; കെ സുധാകരന്‍ എംപി

Share Now

ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെപിസിസി ഭാരവാഹിയോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 140 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലും 140 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറും. ഇന്ധന വില കുറക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുന്നത്.

പിന്നീട് ഇന്ധന വിലയില്‍ ഇളവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ നീളുന്ന മനുഷ്യച്ചങ്ങല നിര്‍മ്മിക്കും.

കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതിയില്‍ വലിയ വര്‍ദ്ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിക്കുകയും ആ കൊള്ളമുതലില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കുപറ്റുകയും ചെയ്തിട്ട് യാതൊരുവിധ ഇളവിനും തയ്യാറാകാത്ത പിണറായി സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ധിക്കാരപരമാണ്. ചക്രസ്തംഭന സമരത്തിന്റെ വമ്പിച്ച വിജയവും ജനപിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണുതുറപ്പിക്കണം. അദ്ദേഹം ജനവികാരം മനസ്സിലാക്കണം. പിണറായി വിജയന്റെ കണ്ണുതുറക്കുന്നതുവരെ സമരം തുടരാനാണ് കെ.പി.സി.സി.യുടെ തീരുമാനം.

കേരളത്തില്‍ ഒരിടത്തുപോലും അനിഷ്ടസംഭവം ഉണ്ടായില്ല എന്നതാണ് ചക്രസ്തംഭന സമരത്തിന്റെ പ്രത്യേകത. തികഞ്ഞ അച്ചടക്കത്തോടെ സമരം നടത്തുകയും അതിനു നേതൃത്വം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിക്കുന്നു. ജനങ്ങള്‍ സമരവുമായി പൂര്‍ണമായി സഹകരിച്ചു. കേരള ജനതയ്ക്കും നന്ദി പറയുന്നു.

ഇന്ധനവില വര്‍ദ്ധനവിനെതിരേയുള്ള സമരം സാംസ്‌കാരിക പ്രവര്‍ത്തകരടക്കം എല്ലാ ജനവിഭാഗങ്ങളേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടു പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ജനകീയ സമരത്തെ അട്ടിമറിക്കാനും വിവാദം സൃഷ്ടിക്കാനും ശ്രമിച്ച ചില വ്യക്തികള്‍ക്കെതിരേയുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങളെ സിനിമാ മേഖലയ്ക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കാനുള്ള സി.പി.എമ്മിന്റേയും സര്‍ക്കാരിന്റേയും ശ്രമം വിലപ്പോകില്ല. സിനിമാ ചിത്രീകരണങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തരുതെന്ന് പോഷകസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (CUC) രൂപീകരണം വിജയകരമായി നടന്നു വരുന്നു. CUC രൂപീകരണത്തിന് കെ.പി.സി.സി.ഭാരവാഹികള്‍ക്കും
നിര്‍വ്വാഹകസമിതി അംഗങ്ങള്‍ക്കും നവംബര്‍ 24, 25 തീയതികളില്‍ നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് പരിശീലനം നല്‍കും.

കെ.പി.സി.സി. പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കമെന്ന പൊതു വികാരമാണ് കഴിഞ്ഞ കെ.പി.സി.സി. എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നു വന്നത്. ഇതനുസരിച്ച് കെ.പി.സി.സി. സെക്രട്ടറിമാരുടെ നിയമനം ഉടനേ ഉണ്ടാകും. ഡി.സി.സി., ബ്ലോക്ക്, മണ്ഡലം തലത്തിലുള്ള പുനഃസംഘടനയും ഉടനേ പൂര്‍ത്തിയാക്കും. ജില്ലകളുടെ വലിപ്പമനുസരിച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തും.

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് എന്നിവയ്ക്ക് കെ.പി.സി.സി. ഭാരവാഹികളുടെ സമിതിക്ക് ചുമതല നല്‍കും

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിനി ദീപമോഹനന്റെ വിഷയത്തില്‍ പാര്‍ട്ടിക്ക് ശക്തമായി ഇടപെടാന്‍ സാധിച്ചു. നിയമസഭയിലടക്കം വിഷയം ഉന്നയിച്ച് ദീപയ്ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കണമെന്ന് യോഗം തീരുമാനിച്ചു.

പാലക്കാട് മുതലമട, ഗോവിന്ദപുരം, അംബേദ്ക്കര്‍ കോളനിയിലെ ദളിത് കുടുംബങ്ങളുടെ വിഷയം കെ.പി.സി.സി. ഏറ്റെടുത്തു കഴിഞ്ഞു. ആ കുടുംബങ്ങള്‍ക്ക് നീതികിട്ടുന്നതു വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. അവിടെ 47 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടോ മറ്റു സഹായമോ നല്കിയില്ല. എന്നാല്‍ സിപിഎം അനുഭാവികളാവര്‍ക്ക് സര്‍ക്കാര്‍ വീടു നല്കുകയും അവര്‍ തമിഴ്‌നാട്ടില്‍ താമസിച്ച് ആ വീടുകള്‍ ദളിത് കുടുംബങ്ങള്‍ക്ക് വാടകയ്ക്കു നല്കുകയുമാണ് ചെയ്തത്.

ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് കേസില്‍പ്പെട്ട കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ജില്ലാതലത്തില്‍ നിയമസഹായ സെല്‍ രൂപീകരിക്കും.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ തൊഴിലും കൂലിയുമില്ലാതെ വലിയ ദുരിതത്തിലൂടെ കടന്നു പോകുകയാണ്. ഈ വിഷയം കെ.പി.സി.സി. ഏറ്റെടുക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കത്തെ കൈയ്യും കെട്ടി നിന്ന് സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിക്കണം. കെ റെയില്‍, ദേശീയ ജലപാത എന്നിവയ്ക്ക് സഹസ്രകോടികള്‍ വലിയ പലിശ നിരക്കില്‍ കടമെടുത്ത് നടപ്പാക്കുന്നതിനു പകരം തൊഴിലുറപ്പ് തൊഴിലാളികളെ സഹായിക്കുകയാണു വേണ്ടത്. ഈ രണ്ടു പദ്ധതികളും സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.

പാര്‍ട്ടിക്ക് പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം ഉടനേ
നടപ്പാക്കും. കേരളത്തിന്റെ മാതൃകയില്‍ എഐസിസിയും പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കമെന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി വോളന്റിയര്‍ സേന രൂപീകരിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ രൂപീകരിക്കും.
പ്രകൃതി ദുരന്തങ്ങളിലെ പുനരധിവാസ വീഴ്ചയും ധനസഹായ വിതരണത്തിലെ വീഴ്ചയും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കും.

ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് ജില്ലാ-ബ്ലോക്ക്-മണ്ഡലം-ബൂത്ത് തലങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം ബംഗ്ലാദേശ് വിമോചനത്തിന്റെ 50-ാം വാര്‍ഷികാഘോഷവും സംഘടിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികരെ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്ന പരിപാടിയും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തിലെ അംഗന്‍വാടി ജീവനക്കാരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിക്കും.

നവംബര്‍ 22 ന് തിങ്കളാഴ്ച ബംഗ്ലാദേശ് വിമോചനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രത്യേക പരിപാടി സച്ചിന്‍ പൈലറ്റ് ഉദ്ഘാടനം ചെയ്യും.
പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും കുറിച്ച് രാജ്യവ്യാപകമായി നവം 14 മുതല്‍ 29 വരെ ബോധവത്കരണവും പ്രക്ഷോഭവും (ജന്‍ ജാഗരണ്‍ അഭിയാന്‍) സംഘടിപ്പിക്കും.

മുല്ലപ്പെരിയാര്‍ഃ മുഖ്യമന്ത്രി കള്ളം പറയുന്നു

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കള്ളമാണ് ഒരോ ദിവസവും തട്ടിവിടുന്നത്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തിയതിന്റെയും കൂടിക്കാഴ്ച നടത്തിയതിന്റെയും വിശദാംശങ്ങളാണ് പുറത്തുവന്നത്. നിയമസഭയില്‍ മന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച നാണംകെട്ട മന്ത്രി ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണം. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് എന്‍ജിനീയറിംഗ് വൈദഗ്ധ്യമാണുള്ളത്? നാലു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയാണ് കള്ളം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാധിക ടീച്ചറുടെ പിതാവ് അന്തരിച്ചു
Next post ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ മൂന്നിന്