December 14, 2024

‘തെറ്റായ വാർത്ത, പുറത്ത് വന്നത് താൻ എഴുതാത്ത കാര്യങ്ങൾ’; ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇപി

Share Now

ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും ഇ പി കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പുറത്ത് വന്നതെന്നും ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജൻ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Next post കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കങ്കണ റണാവത്തിന് നോട്ടീസയച്ച് കോടതി