December 2, 2024

പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന്അർധരാത്രി മുതൽ

Share Now

തിരക്ക് ഒഴിവാക്കാൻ കർശന പരിശോധന

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പുതുക്കിയ നിയന്ത്രണങ്ങൾ ഇന്ന് (04 ഓഗസ്റ്റ്) അർധരാത്രി മുതൽ നിലവിൽവരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും ബന്ധപ്പെട്ടവർക്കു കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിച്ച സ്‌പെഷ്യൽ ഓഫിസർ മിനി ആന്റണിയുടെ അധ്യക്ഷതയിൽ നിയന്ത്രണങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ ജില്ലാതല യോഗം ചേർന്നു.

തദ്ദേശ സ്ഥാപന പരിധിയിലുള്ള ജനസംഖ്യയുടെ ആയിരത്തിൽ എത്രയാളുകൾക്ക് ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് (വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ) ഇന്ന് (04 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇത് പത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന വാർഡുകൾ തീവ്രബാധിത മേഖലയാക്കി കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം. കടകളും ടൂറിസം കേന്ദ്രങ്ങളുമടക്കം എല്ലാ സ്ഥാപനങ്ങളിലും വാക്‌സിൻ സ്വീകരിച്ച ജീവനക്കാരുടെ എണ്ണം പ്രദർശിപ്പിക്കണം. ഓരോ സ്ഥാപനങ്ങളിലേക്കും അകലം പാലിച്ചു പ്രവേശിപ്പിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണം. ഇത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും. ഇതുസംബന്ധിച്ചു കർശന പരിശോധനയുണ്ടാകും.

രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിൻ സ്വീകരിച്ചവരോ 72 മണിക്കൂർ മുൻപു നടത്തിയ ആർ.ടി.പി.സി.ആർ. നെഗറ്റിവ് പരിശോധനാ സർട്ടിഫിക്കറ്റുള്ളവരോ ഒരു മാസം മുൻപെങ്കിലും കോവിഡ് രോഗം വന്നു പോയവരോ ആയവരെ മാത്രമേ കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ പ്രവേശിപ്പിക്കൂ. സർട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ടോ മൊബൈൽ ഫോണിലോ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കാണിക്കാം.

കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിങ്, ആശുപത്രി യാത്ര, മരുന്നുവാങ്ങൽ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ദീർഘദൂര ബസ്/ട്രെയിൻ/ഫ്‌ളൈറ്റ്/കപ്പൽ യാത്ര, പരീക്ഷകൾ തുടങ്ങിയ ആവശ്യങ്ങൾക്കു മാത്രമേ മേൽപ്പറഞ്ഞ കാര്യത്തിൽ ഇളവുണ്ടാകൂ.

സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ തുടങ്ങിയവ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കും.

തിരക്ക് ഒഴിവാക്കാൻ എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കും. കടയുടെ സ്ഥലവിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമേ ആളുകളെ ഉള്ളിലേക്കു പ്രവേശിപ്പിക്കൂ. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന കണക്കിലാകും ആളുകളെ പ്രവേശിപ്പിക്കുന്നത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഓൺലൈൻ ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും.

പൊതു, സ്വകാര്യ വാഹനങ്ങൾക്കു കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു സഞ്ചരിക്കാം.

മത്സര പരീക്ഷകൾ, റിക്രൂട്ട്‌മെന്റുകൾ, സർവകലാശാല പരീക്ഷകൾ, സ്‌പോർട്‌സ് ട്രയൽ തുടങ്ങിയവ അനുവദിക്കും.

ഓഗസ്റ്റ് എട്ട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

രോഗവ്യാപനം കൂടുന്ന സ്ഥലങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

സ്‌കൂൾ, കോളജ്, ട്യൂഷൻ സെന്ററുകൾ, സിനിമ തിയേറ്ററുകൾ, ഹോട്ടലുകളിലേയും റസ്റ്ററന്റുകലിലേയും ഇൻഹൗസ് ഡൈനിങ് തുടങ്ങിയവ അനുവദിക്കില്ല. ഓൺലൈൻ ഡെലിവറിക്കു മാത്രമായി മാളുകൾ തുറക്കാം. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. തുറസായ സ്ഥലങ്ങളിലും വാഹനങ്ങൾക്കുള്ളിലും പാർക്കിങ് സ്ഥലങ്ങളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും.

ഹോട്ടലുകൾ, റിസോട്ടുകൾ തുടങ്ങിയിടങ്ങളിൽ ബയോ ബബിൾ മാതൃകയിൽ താമസം അനുവദിക്കും.

പൊതുപരിപാടികൾ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഒത്തുചേരലുകൾ തുടങ്ങിയവ അനുവദിക്കില്ല. പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹവും ശവസംസ്‌കാര ചടങ്ങും അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 40 പേരെ അനുവദിക്കും. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന കണക്കിലാകും അനുവദിക്കുക. സ്ഥലവിസ്തൃതി കുറഞ്ഞയിടങ്ങളിൽ ആളുകളുടെ എണ്ണം ആനുപാതികമായി കുറയ്ക്കും.

എല്ലാ വകുപ്പുകളും ഓൺലൈൻ, സോഷ്യൽ മീഡിയ പ്രചാരണം ഫലപ്രദമായി നടത്തും.

ബസുകൾ, മത്സ്യമാർക്കറ്റുകൾ, ഹാർബറുകൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ, ചന്തകൾ, പൊതുസ്ഥലങ്ങൾ, ലോഡിങ്-അൺലോഡിങ് സ്ഥലങ്ങൾ, വ്യവസായ മേഖലകൾ, വ്യവസായ സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കർശന പരിശോധന നടത്തുകയും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുകയും ചെയ്യും.

കടകളിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ പൊലീസും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് വ്യാപാരികളുടെ യോഗങ്ങൾ നടത്തുകയും ഫലപ്രദമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരമാവധി ഓൺലൈൻ/ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

കോൺടാക്റ്റ് ട്രേസിങ്, ഹോം ക്വാറന്റൈൻ നിരീക്ഷണം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കും.

നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതൽ ഊർജിതമാക്കുമെന്നു കളക്ടർ പറഞ്ഞു. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ കടയുടമ തന്നെ ഉറപ്പാക്കണം. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണം. തിരക്കുള്ള സമയങ്ങളിൽ പോലീസിന്റെ സേവനം കൂടുതൽ ഉറപ്പാക്കും. റാൻഡം എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റർമാരെ നിയമിക്കും. തിരുക്കുള്ള ടൗണുകൾ, ജങ്ഷനുകൾ, മുനിസിപ്പൽ പ്രദേശങ്ങൾ എന്നിവടങ്ങളിൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഗർഭിണികൾ കുട്ടികൾ, പ്രായമായവർ, മറ്റ് അസുഖങ്ങളുള്ളവർ തുടങ്ങിയവർ അനാവശ്യമായി പുറത്തു പോകരുതെന്നും കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്നിയെ പിടിക്കാൻ പടക്കം വച്ചു തലതകർന്നു ചത്തത് നായ്ക്കൾ .രണ്ടുപേർ പിടിയിൽ
Next post ലോക് ഡൗൺ ഇളവുകൾ ആശാസ്ത്രീയം കുരുവിള മാത്യൂസ്