
ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കട : കാട്ടാക്കട തിരുവനന്തപുരം റോഡിൽ തടിമില്ലിന് സമീപം കാർ നിയന്ത്രണം തെറ്റി സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു നിറുത്തിയിട്ടിരുന്ന ആംബുലന്സിനോട് ചേർത്തു.ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റു. സ്‌കൂട്ടറിന്റെ ഇടിച്ചു തെറിപ്പിച്ച ശേഷം അമ്പതു മീറ്ററിലധികം മുന്നോട്ടു നീങ്ങി തടിമില്ലിന് സമീപത്തായി കാർ യന്ത്രം ഓഫായി നിൽക്കുകയായിരുന്നു. ഈ സമയം അത് വഴി കടന്നു പോയ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്..വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം.

അപകടത്തിൽ സ്‌കൂട്ടർ യാത്രികനും അന്തിയൂർക്കോണം സ്വദേശിയും കാട്ടാക്കടയിലെ ജൂവലറി സെയിൽമാനുമായ മോഹനനു കാലിനും തലക്കും ഗുരുതര പരിക്കുണ്ട്.ഇദ്ദേഹത്തെ ഓടി കൂടിയ നാട്ടുകാർ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കാട്ടാക്കട ജൂവലറിയിൽ നിന്നും ഊണ് കഴിക്കാൻ മോഹനൻ അന്തിയൂർക്കോണത്തെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. പാപ്പനംകോട് ഹ്യൂണ്ടായ് ഷോ റൂമിൽ നിന്നും കാട്ടാക്കട ഹ്യൂണ്ടായ് ഷോറൂമിൽ കൊണ്ട് വരികയായിരുന്ന കാർ ആണ് നിയന്ത്രണം തെറ്റി അപകടം ഉണ്ടാക്കിയത്. കൊടും വളവിൽ അമിതവേഗതയിലായിരുന്നു കാർ എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ സ്‌കൂട്ടർ ആംബുലൻസിന്റെ പിന്ഭാഗത്തേക്ക് ഇടിച്ചുകയറി പൂർണ്ണമായും തകർന്നു.ആംബുലൻസിന്റെ പിന്ഭാഗവും തകർന്ന നിലയിലായിരുന്നു.അപകടത്തിനിടയാക്കിയ കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.രണ്ടു കൊടും വളവുകൾ ഉള്ള ഇവിടെ ചെറുതും വലുതുമായ അപകടം നിത്യ സംഭവമാണ്.പലപ്പോഴും അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവുമാണ് അപകടത്തിന് ഇടയാക്കുന്നത്.